മാറി വരുന്ന ഭക്ഷണ രീതിയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ് നമ്മില്‍ പലരും. പ്രമേഹം ഇതില്‍ വലിയൊരു പ്രശ്നകാരനാണ് .
പ്രമേഹരോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവാണ് അടുത്ത കാലങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 422 ദശലക്ഷം ആളുകള്‍ക്ക് പ്രമേഹം ബാധിക്കുന്നുണ്ട്. ഇതില്‍ 1.5 ദശലക്ഷം ആളുകള്‍ ഓരോ വര്‍ഷവും മരണപ്പെടുകയും ചെയ്യുന്നു. 20 മുതല്‍ 79 വയസുവരെയുള്ളവരില്‍ പ്രമേഹം വളരെയധികം വര്ദ്ധിക്കുന്നതായിയാണ് പഠനങ്ങള്‍ പറയുന്നത് തന്നെ.
പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ചായ വളരെയധികം ഫലപ്രദമായ പാനീയമാണ്. എന്നാല്‍ ഇത് അമിതമായാലും ദോഷങ്ങളേറെയുണ്ട്. മിതമായ അളവില്‍ പഞ്ചസാരയുടെ അളവു കുറച്ച് കട്ടൻ ചായ കുടിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹ സാദ്ധ്യതകള്‍ കുറയ്ക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നുണ്ട്. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് യൂണിവേഴ്സിറ്റിയും, ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ടൈപ്പ് 2 പ്രമേഹമുള്ളവര്‍ കട്ടൻ ചായ കുടിക്കുന്നത് ശരീരത്തിനു നല്ലതാണന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഇത് 47% അപകട സാദ്ധ്യത കുറയ്ക്കുന്നതായി പരീക്ഷണങ്ങളില്‍ നിന്നും കണ്ടെത്തി. 1,923 പേര് പങ്കെടുത്ത പരീക്ഷണത്തില്‍ 436 പേര്‍ക്ക് പ്രമേഹം ഉണ്ടായിരുന്നു. ഇവരില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. കട്ടൻ ചായ നിയന്ത്രിത അളവില്‍ കുടിക്കുന്നത് നല്ലതാണെങ്കിലും ഇത് അമിതാമാകാതെ ശ്രദ്ധിക്കണമെന്നും പഠനങ്ങളില്‍ പറയുന്നുണ്ട്.