ന്യുഡൽഹി :ഇസ്രായേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്റേത് ഭീകരാക്രമണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ഭാഗ്‌ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലസ്‌തീനോടുള്ള ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന് ഇന്ത്യ പിന്തുണ നല്‍കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച ഓപ്പറേഷൻ അജയിന്റെ അവലോകന യോഗത്തിന് ശേഷം നടപടികള്‍ വിശദീകരിക്കവെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
മാനുഷിക നിയമം പാലിക്കാൻ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ട്. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും പ്രതികരിക്കാനുള്ള ആഗോള ഉത്തരവാദിത്തമുണ്ട്. ഓപ്പറേഷൻ അജയ് പ്രകാരം ചാര്‍ട്ടേഡ് വിമാനത്തില്‍ 230 ഇന്ത്യക്കാരെ വെള്ളിയാഴ്ച് ഇസ്രയേലില്‍ നിന്ന് തിരികെ എത്തിക്കും. വിമാനം ഇന്ന് വൈകിട്ട് ടെല്‍ അവീവില്‍ എത്തും. ഇന്ത്യ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം അരിന്ദം ബാഗ്ചി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സ് ഷീജയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.