പുതുവർഷത്തിൽ ചരിത്രം തീർത്ത് ഇസ്രോ,പി എസ് എൽ വി C -58വിക്ഷേപിച്ചു1 min read

ശ്രീഹരികോട്ട :പിഎസ്‌എല്‍വിയുടെ അറുപതാമത് വിക്ഷേപണമായ പിഎസ്‌എല്‍വി -സി 58 ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു.

രാവിലെ 9.10ന് ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു എക്‌സ്‌പോസാറ്റ് അഥവാ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റ്‌ലൈറ്റിന്റെ വിക്ഷേപണം.

ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഐഎസ്‌ആര്‍ഒ ഇത്തവണ ലക്ഷ്യമിടുന്നത്. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച്‌ പഠിക്കാൻ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എക്സ്‌പോസാറ്റ്. ഭൂമിയില്‍ നിന്ന് 650 കിലോമീറ്റര്‍ഉയരത്തിലുള്ള ഭ്രമണപഥത്തിലേയ്‌ക്കാണ് എക്സ്‌പോസാറ്റിനെ പിഎസ്‌എല്‍വി 58 എത്തിക്കുക.

തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച വിമൻ എൻജിനിയേഡ് സാറ്റലൈറ്റ് എന്ന ‘വിസാറ്റ്’ ഉള്‍പ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.

30 വര്‍ഷത്തിനിടെ പിഎസ്‌എല്‍വി 345 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. 1993സെപ്തംബറിലായിരുന്നു ആദ്യവിക്ഷേപണം. ഇതുവരെ 59 വിക്ഷേപണങ്ങള്‍ നടത്തി. അതില്‍ രണ്ടെണ്ണം പരാജയമായി. 1993 സെപ്റ്റംബര്‍ 20ന് കന്നി ദൗത്യം പരാജയപ്പെട്ടു. രണ്ടാമത്തെ പരാജയം 2017 ഓഗസ്റ്റ് 31ന് . 1426 കിലോ ഭാരമുള്ള ഐആര്‍എൻഎസ്‌എസ് 1എച്ച്‌ ഉപഗ്രഹവുമായി പിഎസ്‌എല്‍വി എക്സ്‌എല്‍ പതിപ്പ് കുതിച്ചുയര്‍ന്നപ്പോഴായിരുന്നു അത്.

ചന്ദ്രയാൻ 1, മംഗള്‍യാൻ, ആദിത്യ എല്‍1 തുടങ്ങി നിര്‍ണ്ണായക വിക്ഷേപണങ്ങളെല്ലാം പിഎസ്‌എല്‍വിയിലാണ്. 104 ഉപഗ്രഹങ്ങളെ ഒറ്റക്കുതിപ്പില്‍ ബഹിരാകാശത്ത് എത്തിച്ചതാണ് ചരിത്രനേട്ടം. വാണിജ്യവിക്ഷേപണങ്ങളില്‍ ലോകത്തെ മുൻനിര റോക്കറ്റാണിത്. കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കാമെന്നതാണ് പ്രിയങ്കരമാക്കുന്നത്. അമേരിക്കയുള്‍പ്പെടെ 36രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ പിഎസ്‌എല്‍വി വിക്ഷേപിച്ചിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒ.യും ബംഗളൂരുവിലെ രാമൻ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടും ചേര്‍ന്നുണ്ടാക്കിയ ഉപഗ്രഹമാണ് എക്സ്‌പോസാറ്റ്. അഞ്ച് വര്‍ഷമാണ് കാലാവധി. ബഹിരാകാശത്തെ നാല്‍പതോളം ഊര്‍ജ്ജ സ്ത്രോസുകളുടെ പഠനമാണ് ലക്ഷ്യം. എക്സ്‌പെക്റ്റ് എന്ന എക്സ് റേ സ്പെക്‌ട്രോസ്കോപ്പി ആൻഡ് ടൈംമിംഗ്,എക്സ്‌റേ പോളാരിമീറ്റര്‍ എന്നീ ഉപകരണങ്ങളാണ് ഉപഗ്രഹത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *