ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു, വയനാട് ഇപ്പോൾ തിരഞ്ഞെടുപ്പ് ഇല്ല1 min read

 

ഡൽഹി :ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു.
മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് തന്നെയായിരിക്കും ഹരിയാനയിലെയും വോട്ടെണ്ണല്‍ നടക്കുക.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. സ്ത്രീകളുടെയും, യുവജനങ്ങളുടെയും വലിയ പ്രാതിനിധ്യമുണ്ടായി. കടന്നെത്താൻ പ്രയാസമുള്ള സ്ഥലങ്ങളില്‍ പോലും ചെന്ന് വോട്ടിംഗ് സാധ്യമാക്കി.ജമ്മു കശ്മീർ,ഹരിയാന തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. രണ്ടിടങ്ങളിലും കമ്മീഷൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു. കശ്മീരിലെ ലോക്സഭ തെരഞ്ഞെടുപ്പ് മികച്ച പ്രതികരണമാണ് കിട്ടിയത്.

ജനങ്ങള്‍ ആവേശപൂർവം തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.അവർ അവരുടെ ജനാധിപത്യ അവകാശം നന്നായി വിനിയോഗിച്ചു.റീ പോളിംഗ് വേണ്ടി വന്നില്ലെന്നും അക്രമ സംഭവങ്ങള്‍ ഉണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 87.09 ലക്ഷം വോട്ടർമാരില്‍ 3.71 ലക്ഷം പുതുമുഖ വോട്ടർമാരാണ്.169 ട്രാൻജെൻഡർ വോട്ടർമാരുമുണ്ട്. 11,838 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനുണ്ടാകുക.

ഹരിയാനയില്‍ 90 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.01 കോടി വോട്ടര്‍മാരാണ് ഹരിയാനയിലുള്ളത്. 20,629 പോളിംഗ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. പക്ഷപാതപരമായി പെരുമാറരുതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കും. കശ്മീരിലെ എല്ലാ സ്ഥാനാർത്ഥികള്‍ക്കും സുരക്ഷ നല്‍കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

*വയനാട്ടില്‍ ഉടൻ ഉപതെരഞ്ഞെടുപ്പില്ല*

47 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സാഹചര്യം പരിശോധിച്ച്‌ ഒന്നിച്ച്‌ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച്‌ ആലോചിക്കും. കാലാവസ്ഥയടക്കമുള്ള ഘടകങ്ങള്‍ മാനദണ്ഡമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന രണ്ട് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതില്‍ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് നടപടികളാണ് ആദ്യം പൂര്‍ത്തിയാക്കേണ്ടത്. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്‍, സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *