കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ1 min read

17/5/23

കളരിത്തറകളിലും അങ്കത്തട്ടിലും പയറ്റിത്തെളിഞ്ഞ കളരിപ്പയറ്റ് ഇനി ദേശീയ ഗെയിംസിന്റെ ഭാഗം. ഗോദവർമ്മ രാജ 1958-ൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ അംഗത്വം നൽകിയ കേരള കളരിപ്പയറ്റ് അസോസിയേഷന്റെ പ്രവർത്തനം തലമുറമാറ്റത്തിലൂടെ ദേശീയ തലത്തിലേയ്ക്ക് വളർന്നപ്പോൾ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചു. 2015-ൽ ദേശീയ അംഗീകാരം ലഭിച്ച ഇൻഡ്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ പ്രവർത്തനമാണ് ഇന്നത്തെ നേട്ടത്തിനെല്ലാം അടിസ്ഥാനം. ഇപ്പോൾ ഇരുപതു സംസ്ഥാനങ്ങളിൽ കളരിപ്പയറ്റ് അസോസിയേഷനുകൾ പ്രവർത്തിച്ചുവരുന്നു.

ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ ഉൾപ്പെടുത്തണമെന്ന ദീർഘനാളത്തെ ആവശ്യം പരിഗണിച്ചുകൊണ്ട് 2015-ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിലും, 2020 -ൽ ആസാമിൽ നടന്ന ഖേലോ ഇൻഡ്യയിലും കളരിപ്പയറ്റിനെ പ്രദർശന ഇനമായി കേന്ദ്രസർക്കാർ ഉൾപ്പെടുത്തി. തുടർന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം 2021-ൽ ഹരി യാനയിൽ നടന്ന ഖേലോ ഇൻഡ്യ അണ്ടർ 18 യൂത്ത് ഗെയിംസിലും, 2022-ൽ ഗ്വാളിയോറിൽ നടന്ന യൂത്ത് ഗെയിം സിലും മത്സര ഇനമായി കളരിപ്പയറ്റിനെ ഉൾപ്പെടുത്തി. ഈ മത്സരങ്ങളിൽ 200 അഭ്യാസികൾ പങ്കെടുക്കുകയും ചെയ്തു.

ഹരിയാനയിൽ നടന്ന ഖേലോ ഇൻഡ്യ യൂത്ത് ഗെയിംസിൽ കേരളത്തിലെ കളരിപ്പയറ്റ് അഭ്യാസികൾ നേടിയ 15 സ്വർണ്ണമെഡലുകൾ കൊണ്ട് 19-ാം സ്ഥാനത്ത് നിന്ന് കേരളം 5-ാം സ്ഥാനത്ത് വരികയുണ്ടായി. അതു പോലെ 2022-ലും കളരിപ്പയറ്റിന് ലഭിച്ച 8 സ്വർണ്ണ മെഡലുകൾ കേരളത്തെ 4-ാം സ്ഥാനത്ത് എത്തിച്ചുവെങ്കിലും കളരിപ്പയറ്റ് അഭ്യാസികളെ പ്രശംസിക്കാൻ ഒരു അധികാരകേന്ദ്രവും തയ്യാറായില്ല.

കളരിപ്പയറ്റിനെ ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തണമെന്ന ഇൻഡ്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ നിരന്തരമായ ആവശ്യത്തിന് പിന്തുണയുമായി ഇതര സംസ്ഥാനങ്ങൾ ശക്തമായ സമ്മർദ്ദം കേന്ദ്ര സർക്കാരിൽ ചെലുത്തിയിട്ടും കേരളത്തിലെ കായിക കാര്യാലയത്തിൽ നിന്നും ഒരു ശുപാർശയും ഉണ്ടായില്ലായെന്നത് ഖേദകരമാണ്.

കേന്ദ്രകായിക മന്ത്രാലയത്തിന്റെയും ഇൻഡ്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയുടെയും സൂക്ഷ്മ നിരീക്ഷണം കളരിപ്പയറ്റിനെ മത്സരയിനമായി ഉൾപ്പെടുത്തുന്നതിന് ഏറെ സഹായകമായെന്ന് ഇൻഡ്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമൻ പറഞ്ഞു. ദേശീയ തലത്തിലെ ഈ അംഗീകാരം കളരിപ്പയറ്റിന് അന്തർദ്ദേശീയ മത്സരങ്ങ ളിലേയ്ക്കുള്ള വാതിൽ തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *