കണ്ണൂർ സർവ്വകലാശാലയിൽ വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം, കണ്ണൂർ സർവ്വകലാശാല യിൽ എന്തും നടക്കുമെന്ന് KPCTA, രജിസ്ട്രാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

കണ്ണൂർ സർവ്വകലാശാല മുൻ വൈസ്ചാൻസലർ ഡോ:ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ദിവസം ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിന് റാങ്ക് നൽകിയ ഉദ്യോഗാർഥിയെ വിസി യുടെ ഉത്തരവില്ലാതെ രജിസ്ട്രാർ ജോലിയിൽ പ്രവേശിപ്പിച്ചതായി ആക്ഷേപം.

ജോഗ്രഫി വകുപ്പിലെ  ജനറൽ മെരിറ്റിലെ അധ്യാപക നിയമനം ഹൈക്കോടതി തടഞ്ഞിരിക്കുമ്പോഴാണ് അതേ ഇന്റർവ്യൂവിൽ സംവരണ തസ്തികയിൽ റാങ്ക്
ചെയ്ത പി. ബാലകൃഷ്ണന് ജോലിയിൽ പ്രവേശിക്കാൻ രജിസ്ട്രാർ അനുമതി നൽകിയത്.

ഡോക്ടറേറ്റ് ബിരുദം നേടിയ ആറുപേരെ ഒഴിവാക്കിയാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ താൽക്കാലിക അധ്യാപകനായ ബാലകൃഷ്ണന്  മുൻവൈസ്ചാൻസലർ റാങ്ക് നൽകിയത്. മുൻ വിസി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നുള്ള വിഷയവിദഗ്ധരെ ഓൺലൈനായി പങ്കെടുപ്പിച്ചായിരുന്നു ഇൻറർവ്യൂ നടത്തിയത്.

വിവരാവകാശ നിയമപ്രകാരം നിയമന ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോഴാണ് സർവ്വകലാശാലയുടെ നിയമന ഉത്തരവ് കൂടാതെയാണ് ഇയാളെ സർവകലാശാലയിൽ ജോലിയിൽ പ്രവേശിപ്പിച്ചതെന്ന് സർവകലാശാല അറിയിച്ചത്.

രജിസ്ട്രാറുടെ നിർദ്ദേശപ്രകാരം ബാലകൃഷ്ണൻ, ജോഗ്രാഫി വകുപ്പ് മേധാവിയുടെ മുന്നിൽ ഡിസംബർ 25 ന് ഒപ്പിടുന്ന ചിത്രം.

കണ്ണൂർ സർവ്വകലാശാലയിൽ എന്തും നടക്കുമെന്നതിന് ഉദാഹരണമാണ് നിയമന ഉത്തരവ് കൂടാതെയുള്ള ബാലകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനമെന്ന് കെപിസിടിഎ കണ്ണൂർ മേഖല പ്രസിഡന്റ്‌ ഡോ.ഷിനോ പി. ജോസ് പറഞ്ഞു.

വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയ കണ്ണൂർ രജിസ്ട്രാക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അനധികൃതമായി അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലിയിൽ പ്രവേശിച്ചയാളെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും കണ്ണൂർ വിസി ക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *