28/7/22
തിരുവനന്തപുരം :സംസ്ഥാനത്ത് വിശ്വാസികള്‍ കര്‍ക്കടക വാവുബലി ആചരിച്ചു . രാത്രി മുതല്‍ തുടങ്ങിയ ആചാരങ്ങള്‍ ഇന്ന് ഉച്ചവരെ നീണ്ടുനിന്നു . കോവിഡ് നിയന്ത്രണമില്ലാത്ത ബലിതര്‍പ്പണമാണ് ഇത്തവണ നടന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷവും കര്‍ക്കടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല.
പിതൃസ്മരണയില്‍ ആളുകള്‍ ബലിയിടാന്‍ കൂടുതലും എത്തുന്നത് ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളില്‍ രാത്രി മുതല്‍ തന്നെ വിശ്വാസികള്‍ എത്തി തുടങ്ങിയിരുന്നു. ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ കര്‍ക്കടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. വിവിധ ജില്ലകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയതായും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് ഇത്തവണ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ പുരോഗമിക്കുന്നത്.
യാത്രാ സൗകര്യങ്ങളും, മെഡിക്കല്‍, ആംബുലന്‍സ് സൗകര്യങ്ങളും ലൈഫ് ഗാര്‍ഡ്, ഫയര്‍ഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളില്‍ ഉറപ്പാക്കിയിട്ടുണ്ട്. കടലാക്രമണം കണക്കിലെടുത്ത് ഇക്കുറി തിരുവനന്തപുരം ശംഖുമുഖത്ത് ബലിയിടാന്‍ അനുമതിയില്ല. ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതര്‍പ്പണം അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. ഹൈന്ദവ വിശ്വാസ പ്രകാരം കര്‍ക്കിടക മാസത്തിലെ കറുത്തവാവിന് പിതൃക്കള്‍ക്ക് ബലി ഇടുന്നത് വളരെ വിശേഷമാണ്. ക്ഷേത്രത്തിലോ തീര്‍ത്ഥ സ്ഥലങ്ങളിലോ വീട്ടില്‍ വച്ചോ ബലി അര്‍പ്പിക്കാം.
ശ്രാദ്ധ കര്‍മങ്ങളെക്കുറിച്ച് പണ്ടേയുള്ള ചൊല്ലാണ് ‘ഇല്ലം വല്ലം നെല്ലി’ ഈ സ്ഥലങ്ങളില്‍ ബലി ഇടുന്നത് ഏറ്റവും ഉത്തമം എന്നത്. ഇല്ലം എന്നു പറഞ്ഞാല്‍ സ്വന്തം വീട്, വല്ലം എന്നു പറയുന്നത് തിരുവല്ലം ക്ഷേത്രം, നെല്ലി എന്നു പറയുന്നത് തിരുനെല്ലി ക്ഷേത്രം. ഈ സ്ഥലങ്ങളില്‍ വച്ച് ബലി ഇടുന്നതാണ് ഏറ്റവും ഉത്തമം എന്നു കരുതപ്പെടുന്നു. അതിനര്‍ത്ഥം മറ്റുള്ള ക്ഷേത്രസങ്കേതങ്ങളോ ജലാശയങ്ങള്‍ക്കു സമീപമോ ഉള്ള ബലികള്‍ മോശമാണെന്നല്ല. പക്ഷേ ഏറ്റവും ഉത്തമമായിട്ടുള്ളത് സ്വന്തം വീട്ടില്‍ ബലി ഇടുന്നതാണ് എന്നാണ് പറയുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ രണ്ട് വര്‍ഷവും വീടുകളില്‍ മാത്രമാണ് ബലിയിടാന്‍ അനുമതി നല്‍കിയിരുന്നത്.
കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഈ ഒരു ദിവസമാണ് എന്നാണ്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്ബുകയാണ് അടുത്ത ചടങ്ങ്. വിളക്ക് കത്തിച്ച് വെച്ച് ഉണ്ടാക്കിയ സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.
വാവുബലിയോട് അനുബന്ധിച്ച് അര്‍ധരാത്രി തലസ്ഥാന നഗരത്തില്‍ മദ്യ നിരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര-പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളുടെ പരിധിയില്‍പെട്ട എല്ലാ മദ്യ വില്‍പനശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച് സമ്പൂർണ മദ്യനിരോധനത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്.