‘പാവപ്പെട്ടവർ ‘കളി കാണാൻ എത്തിയില്ല;കാണികളില്ലാതെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, മന്ത്രിയുടെ പ്രസ്താവന കാരണമെന്ന് കെ സി എ1 min read

16/1/23

തിരുവനന്തപുരം :ക്രിക്കറ്റ്ച രിത്രത്തിലെ ഏറ്റവും മികച്ച വിജയം ഇന്ത്യ കുറിച്ച കേരളത്തിന്റെ മണ്ണ് വീണ്ടും വിവാദത്തിൽ.

കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ നിന്നും കാണികള്‍ വിട്ടു നിന്നതില്‍ സ്‌പോണ്‍സര്‍മാര്‍ നിരാശരെന്നും കെ.സി.എ. ഇതിനു കാരണം മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനയാണെന്നും കെ.സി.എ. കുറ്റപ്പെടുത്തി.

കാണികള്‍ കുറഞ്ഞത് ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്നും മറ്റ് അസോസിയേഷനുകള്‍ ഇക്കാര്യം ആയുധമാക്കുമെന്നും കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. മന്ത്രി വി. അബ്ദുറഹിമാനുമായി ചര്‍ച്ച ചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. എന്നാല്‍ നിരക്കുകളെക്കുറിച്ച്‌ മന്ത്രി നടത്തിയ പ്രസ്താവന തിരിച്ചടിയായിയെന്നു ജയേഷ് കുറ്റപ്പെടുത്തി. കെ.സി.എയെക്കുറിച്ച്‌ മന്ത്രി പഠിച്ചിട്ടില്ലെന്നും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച്‌ എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്രമിച്ചിരിക്കാമെന്നും ജയേഷ് പറഞ്ഞു.

40000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റാണ് വിറ്റുപോയതെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാറും പറഞ്ഞു. ശബരിമല സീസണ്‍, സി.ബി.എസ്.ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവ ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചുവെന്ന് കെ.സി.എ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചു. വരും മല്‍സരങ്ങള്‍ കാര്യവട്ടത്തെത്താന്‍ കാണികളുടെ എണ്ണം തടസമാകില്ലെന്നും അദേഹം പറഞ്ഞു.

മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി നേരത്തെ തന്നെ വിവാദം ശക്തമായിരുന്നു. വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ ന്യായീകരിച്ച മന്ത്രി വി. അബ്ദുറഹ്മാന്‍, പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന് പറഞ്ഞത് വന്‍വിവാദമായിരുന്നു. ഇതിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അധീധമായി കായികപ്രേമികള്‍ അടക്കം രംഗത്ത് വന്നിരുന്നു. കാര്യവട്ടത്ത് കളി കാണാന്‍ ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമായിരുന്നു. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്ബോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരുന്ന സ്ഥിതിയായിരുന്നു. കാര്യവട്ടത്ത് അവസാനം നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20യില്‍ നികുതി ഉള്‍പ്പെടെ 1500ഉം 2750ഉും രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനമായിരുന്ന വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയത് ആദ്യം തന്നെ കല്ലുകടിയായിരുന്നു. അതേസമയം നികുതി നിരക്ക് വര്‍ദ്ധനയെ ന്യായീകരിച്ച്‌ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്ത് വന്നു. വിനോദ നികുതി വര്‍ദ്ധിപ്പിച്ചത് സര്‍ക്കാരുമായി ആലോചിച്ചെന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

അതേ സമയം മന്ത്രിയുടെ പ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും ന്യായീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *