ഡൽഹി :മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ആശ്വാസമില്ല.
ഏപ്രില്‍ ഒന്ന് വരെയാണ് കേജ്‌രിവാളിന്റെ കസ്‌റ്റഡി നീട്ടിയത്. തന്റെ മൗലിക അവകാശങ്ങള്‍ പോലും ലംഘിച്ചുകൊണ്ടാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്ന് കേജ്‌രിവാള്‍ ഉന്നയിച്ചെങ്കിലും ഇടപെടാൻ കോടതി തയ്യാറായില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഏപ്രിലില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ച് എൻഫോഴ്‌സ്‌മെന്റിന് ഡല്‍ഹി കോടതി നോട്ടീസ് നല്‍കി.
കൂടാതെ, കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹർജിയും കോടതി തള്ളി. കോടതിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ് ആവശ്യമെന്ന് ഡല്‍ഹി ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് മൻമോഹൻ വിലയിരുത്തി.
കോടതിയില്‍ കേജ്‌രിവാള്‍ തന്നെയാണ് തനിക്ക് വേണ്ടി വാദം ഉന്നയിച്ചത്. തന്നെയും പാർട്ടിയേയും തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇഡി പറയുന്ന 100 കോടി ഒരിടത്തു നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും, രാജ്യത്തെ ഒരു കോടതിയും താൻ തെറ്റുകാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും വാദിച്ചു.