9/2/23
തിരുവനന്തപുരം :സാധാരണക്കാരന്റെ നടുവൊടിച്ച നികുതി വർധനവിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ ബിജെപി, കോൺഗ്രസ് മാർച്ച്. മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലും ബിജെപി, യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. കോഴിക്കോട് നടന്ന പ്രതിഷേധം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പല സ്ഥലങ്ങളിലും പോലീസുമായി സംഘർഷം ഉണ്ടായി. രണ്ടു മൂന്നു തവണ വരെ പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു.
രാവിലെ നിയമസഭ സമ്മേളനത്തിന് മുൻപായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിഷേധ നടത്തം സംഘടിപ്പിച്ചു . നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്നെഴുതിയ ബാനറുമായി എംഎല്‍എ ഹോസ്റ്റല്‍ മുതല്‍ നിയമസഭ വരെയാണ് എംഎല്‍എമാര്‍ സമരം ചെയ്തത്.
സെസ് ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദേശം പിന്‍വലിക്കുന്നത് വരെ പ്രതിപക്ഷ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും തലയ്ക്ക് പിടിച്ച സര്‍ക്കാരാണിത്.
സര്‍ക്കാരിന് പ്രതിപക്ഷത്തോട് പരിഹാസവും ജനങ്ങളോട് പുച്ഛവുമാണ്.ജനങ്ങളെ മറന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരമാണ് മന്ത്രിമാര്‍ക്ക്.
പ്രതിപക്ഷം സമരം ചെയ്തതുകൊണ്ട് നികുതി കുറയ്ക്കില്ലെന്ന് എതെങ്കിലും മന്ത്രി പറയുന്നതായി മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോയെന്ന് വി ഡി സതീശന്‍ ചോദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന് ഇപ്പോള്‍ സമരത്തോട് പുച്ഛമാണ്.
നികുതി കൊടുക്കാതെ പ്രതിഷേധിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പറഞ്ഞ ആളാണ് പിണറായി വിജയന്‍. വീട്ടുകരം അടയ്ക്കരുത്, ഇന്ധന സെസ് കൊടുക്കരുത്, ഒരു നികുതിയും അടയ്ക്കാതെ പ്രതിഷേധിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി ആവശ്യപ്പെട്ടത്.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രിയായപ്പോള്‍ ഇതെല്ലാം അദ്ദേഹം മറന്നു പോയി.യുഡിഎഫ് നികുതി കൊടുക്കരുതെന്ന് എന്തായാലും ജനങ്ങളോട് പറഞ്ഞിട്ടില്ല.
പക്ഷെ ഈ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ എല്ലാ ശക്തിയുമെടുത്ത് പ്രതിപക്ഷം പോരാടും. നിയമസഭ കവാടത്തിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സമരത്തിന്റെ ഭാവി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
നിയമസഭ സമ്മേളനം ഇന്ന് പിരിഞ്ഞു . ഈ മാസം 27 നാണ് സഭ വീണ്ടും ചേരുന്നത്. ഈ സാഹചര്യത്തിലാണ് സമരത്തിന്റെ തുടര്‍നടപടി സംബന്ധിച്ച് യുഡിഎഫ് ആലോചിക്കുന്നത്.