കുട്ടികളില്‍ നിന്ന് സങ്കല്പ പത്ര സ്വീകരിച്ച് ജില്ലാ കളക്ടര്‍,തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കല്‍ ലക്ഷ്യം1 min read

 

തിരുവനന്തപുരം :ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും സങ്കല്പ പത്ര സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം പേരൂര്‍ക്കട പി.എസ്.എന്‍.എം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. വോട്ടവകാശമില്ലെങ്കിലും കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളെക്കൊണ്ട് വോട്ട് ചെയ്യിക്കാന്‍ പ്രേരിപ്പിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. മാതാപിതാക്കളുടെയും തങ്ങളുടെയും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗം കൂടിയാണിത്. വോട്ടുചെയ്യുകയെന്നത് പൗരന്റെ ഉത്തരവാദിത്തമാണെന്നും അത് കൃത്യമായി ഉപയോഗിക്കണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കളും കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുമെന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്നതാണ് സങ്കല്പ പത്ര. സ്വീപിന്റെ (എസ് വി ഇ ഇ പി) ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും നടപ്പിലാക്കുന്ന പദ്ധതി മാര്‍ച്ച് 25 ന് സമാപിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്.ഗീതാകുമാരി അധ്യക്ഷയായ ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് ബാബു ആര്‍.എസ്, തിരുവനന്തപുരം എ.ഇ.ഒ ബീനാ റാണി, പി.റ്റി.എ പ്രസിഡന്റ് അജ്മല്‍ ഖാന്‍, സ്‌കൂള്‍ വികസന സമിതി സെക്രട്ടറി ബി.ജയകുമാര്‍, ഹെഡ്മിസ്ട്രസ് സന്ധ്യ എസ്, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *