മഴ ഇന്നും കനക്കും,5ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി1 min read

7/7/23

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും കനത്തമഴ തുടരും.5ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.7ജില്ലകളിൽ ഓറഞ്ച് അലർട്ട്,4ജില്ലകളിൽ യെല്ലോ അലർട്ട്,

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

കനത്ത മഴയില്‍ സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കാലവര്‍ഷക്കെടുതിയില്‍ വ്യാഴാഴ്ച വൈകിട്ട് വരെ 29 വീടുകള്‍ പൂര്‍ണമായും 642 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ക്യാമ്പിൽ ആകെ 766 കുടുംബങ്ങളില്‍ നിന്നായി 1064 സ്ത്രീകള്‍, 1006 പുരുഷന്മാര്‍, 461 കുട്ടികള്‍ എന്നിവരാണുള്ളത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകൾ -52. 1085 പേര്‍ ഈ ക്യാമ്പുകളിൽ കഴിയുന്നു.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോട്ടയം, കണ്ണൂര്‍, പത്തനംതിട്ട,കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി.

കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നതിനാല്‍  പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇമ്ബശേഖര്‍ കെ. ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. സ്‌കൂളുകളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, ചുറ്റുമതില്‍, പഴയ ക്ലാസ്‌റൂമുകള്‍ തുടങ്ങിയവ പിടിഎ, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാളെ തന്നെ വീണ്ടും പരിശോധിക്കുകയും അടുത്ത പ്രവൃത്തിദിനം സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇതുകൂടി കണക്കിലെടുത്താണ് വെള്ളിയാഴ്ച അവധി നല്‍കുന്നത്.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  കലക്ടര്‍ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ഐസിഎസ്‌ഇ / സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അങ്കണവാടി ഉള്‍പ്പെടെയുള്ളവയ്ക്കും അവധി ബാധകമാണ്. കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ വെള്ളിയാഴ്ചത്തെ പിഎസ്സി പരീക്ഷകള്‍ക്കു മാറ്റമുണ്ടായിരിക്കുന്നതല്ല.

പത്തനംതിട്ട ജില്ലയിലെ പല താലൂക്കുകളിലായി സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ തുറന്നതിനാലും നിരവധി പാതകളിലും റോഡുകളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാലും വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രഫഷനല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻനിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ജില്ലയിലെ മണിമല, പമ്പാ , അച്ചൻകോവില്‍ നദികളിലെ ജലനിരപ്പ് കുറയുന്ന പ്രവണത കാട്ടി തുടങ്ങിയിട്ടുണ്ട്. നാളെ അധിക മഴ ലഭ്യതയുടെ സൂചനകള്‍ ഇല്ലാ എന്നത് ആശ്വാസകരമാണ്. തൊട്ടപ്പള്ളയിലെ ഷട്ടറുകള്‍ തുറന്നിട്ടുമുണ്ട്. ഇതെല്ലം കണക്കിലെടുക്കുമ്പോള്‍ വെള്ളക്കെട്ടിന്റെ രൂക്ഷത ഏറെ താമസിയാതെ കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പത്തനംതിട്ട കലക്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോഴിക്കോട് ജില്ലയില്‍ മഴയെ തുടര്‍ന്ന് പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളില്‍ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രഫഷനല്‍ കോളജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *