7/6/23
തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി ദിനം 205 ആക്കി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്.
ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് ഏപ്രില്‍ ആറ് വരെ ക്ലാസുകള്‍ ഉണ്ടാകുമെന്ന് സംസ്ഥാന പ്രവേശനോത്സവ വേദിയില്‍വച്ച് മന്ത്രി ശിവൻകുട്ടി അറിയിച്ചിരുന്നു.പുതിയ തീരുമാനപ്രകാരം നിലവിലേത് പോലെ മാർച്ച് 31തന്നെ മധ്യവേനൽ അവധി തുടങ്ങും.പതിമൂന്ന് ശനിയാഴ്ചകള്‍ കൂടി കൂട്ടി പ്രവൃത്തി ദിനം 210 ആക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമാണ് സംഘടനകളുടെ എതിർപ്പിനെ തുടർന്ന് സർക്കാർ ഉപേക്ഷിച്ചത്.
ഏപ്രില്‍ അഞ്ചുവരെ അധ്യായന ദിനങ്ങൾ നീട്ടുകയും പ്രവൃത്തി ദിനങ്ങള്‍ 210 ആക്കുകയും ചെയ്തതിനെതിരെ സി പി എം അനുകൂല അദ്ധ്യാപകസംഘടനയായ കെ എസ് ടി എ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ അറിയിച്ചത്. കൂടുതല്‍ വിമര്‍ശനങ്ങളുയര്‍ന്നതോടെയാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 220 പ്രവൃത്തി ദിനങ്ങള്‍ വരെയാകാം.