12/9/23
കാര്യവട്ടം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ പി.ജി. ക്ലാസുകൾ (2023 -25 ബാച്ച്) ആരംഭിച്ച് ഒരു മാസം ആയിട്ടും കുട്ടികൾക്ക് സ൪വകലാശാല ഹോസ്റ്റൽ അഡ്മിഷൻ നൽകിയിട്ടില്ല. എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കാണ് മുൻകാലങ്ങളിൽ കേരള സർവകലാശാല മുൻകാലങ്ങളിൽ ഹോസ്റ്റലുകൾ ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷവും ഈ വർഷവും മെറിറ്റിൽ അഡ്‌മിഷൻ ലഭിക്കാതെ ഏതെങ്കിലും തരത്തിലുള്ള സ്പോട്ട് അഡ്‌മിഷനിലൂടെ കടന്ന് വരുന്ന എസ്.എഫ് ഐ നേതാക്കൾക്ക് ഹോസ്റ്റൽ അഡ്മിഷൻ നൽകാനായി സർവകലാശാലയിലെ മുഴുവൻ ഹോസ്റ്റൽ അഡ്‌മിഷനും തടഞ്ഞു വച്ചിരിക്കുകയാണ്. സമയാ സമയങ്ങളിൽ ഹോസ്റ്റൽ അഡ്മിഷൻ നൽകാതെ കുട്ടികളെ പാർട്ടിയിൽ പ്രവർത്തിച്ചാൽ അഡ്മിഷൻ നൽകാം എന്ന് വാഗ്‌ദാനം ചെയ്യുന്ന രീതിയും കണ്ടുവരുന്നു.
2023 എപ്രിൽ മാസം ഓൺലൈൻ അപേക്ഷ സ്വീകരിച്ച്, പതിനായിരക്കണക്കിന് അപേക്ഷക൪ക്ക്
മെയ് മാസത്തിൽ എൻട്രൻസ് പരീക്ഷ നടത്തി, ജൂണിൽ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച്, ജൂലൈയിൽ അഡ്മിഷൻ നടത്തുകയും ആഗസ്റ്റ് 9 ന് ക്ലാസ് ആരംഭിക്കുകയും ചെയ്‌തു. അഡ്‌മിഷൻ നടന്നയുടൻ തന്നെ ഹോസ്റ്റൽ അഡ്‌മിഷനുള്ള പോർട്ടൽ ഓപ്പൺ ആക്കുകയും ചെയ്തിരുന്നു. ഓൺലൈൻ അപേക്ഷകരിൽ ദൂരപരിധിയും മെറിറ്റും അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും അവർക്ക് ഹോസ്റ്റലിൽ റു൦ അനുവദിച്ച് നൽകാൻ സാധിച്ചിട്ടില്ല. ഇത് കാരണം വിദൂരസ്ഥലങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾക്ക് ഉയർന്ന വാടക നൽകി പുറത്ത് താമസിക്കേണ്ട ഗതികേടിനാണ്. പുറമെ സ്വന്തമായി ഭക്ഷണവു൦ കണ്ടെത്തേണ്ടി വരുന്നു. സാമ്പത്തിക പരാധീനതയുള്ള വിദ്യാർത്ഥികളുടെ കാര്യം കഷ്ടത്തിലാണ്. ഇക്കാരണത്താൽ ഡിഗ്രിക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ മറ്റ് സ൪വകലാശാലകളിൽ അഡ്മിഷൻ കിട്ടുന്ന മുറയ്ക്ക് ഇവിടെ നിന്നും ടി.സി. വാങ്ങി പോകുന്നതിന് നിർബന്ധിതരാകുന്നു. ഈ വിഷയത്തിൽ വൈസ് ചാൻസലർ അടിയന്തിരമായി ഇടപെടണമെന്നാണ് കുട്ടികളുടെ ആവശ്യം.