വിവരാവകാശരേഖ നൽകാതിരിക്കൽ;കേരള സർവകലാശാല ഉദ്യോഗസ്ഥന് 25000 രൂപ പിഴ1 min read

9/9/22

തിരുവനന്തപുരം :വിവരാവകാശ രേഖകൾ  കൈമാറുന്നതിൽ വീഴ്ചവരുത്തിയ കേരള യൂണിവേഴ്സിറ്റിയുടെ  പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരുന്ന
പി.രാഘവന് 25000 രൂപ  സംസ്ഥാന വിവരാവകാശ കമ്മീഷണർ
ഡോ: കെ.എൽ. വിവേകാനന്ദൻ പിഴയിട്ടു. 30 ദിവസത്തിനകം പിഴ  തുക അടയ്ക്കണമെന്നും സെപ്റ്റംബർ 5 ന്റെ ഉത്തരവിൽ പറയുന്നു.

വിദ്യാർഥിനികളോടെ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട സൈക്കോളജി വകുപ്പ് അധ്യാപകന്റെ അന്വേഷണ നടപടികൾ പൂർത്തിയാകുന്നതുവരെ, വിവരം റിപ്പോർട്ട്‌ ചെയ്ത വകുപ്പ് മേധാവി യായിരുന്ന പ്രൊ:ഇമ്മാനുവൽ തോമസ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ പ്രവേശിക്കാൻ പാടില്ലെന്ന സിൻഡിക്കേറ്റിന്റെ വിചിത്രമായ തീരുമാനം സംബന്ധിച്ച ഫയലുകളുടെ പകർപ്പ് നൽകാൻ സർവ്വകലാശാല ഇൻഫർമേഷൻ ഓഫീസർ വിസമ്മതിച്ചതിനെ തുടർന്ന് പ്രൊ. ഇമ്മാനുവൽ നൽകിയ അപ്പീലിലാണ് കമ്മിഷന്റെ ഉത്തരവ്.

സർവീസിൽ നിന്ന് വിരമിച്ച രാഘവന് അധികൃതകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്പെഷ്യൽ ഓഫീസർ തസ്തികയിൽ തുടർ നിയമനം നൽകിയിരിക്കുകയാണ്.

മുൻ മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ. എം.പോൾ ഐഎഎസ്, വിവരാവകാശ രേഖകൾ നൽകുന്നതിൽ സർവകലാശാലാ അധികാരികളുടെ ഭാഗത്ത് ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്ന് കണ്ടെത്തുകയും വിവരാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർവകലാശാല ജീവനക്കാർക്ക് നിർബന്ധമായും ബോധവൽക്കരണ ക്ലാസ് ഏർപ്പെടുത്തണമെന്നും ഗുരുതരമായ കൃത്യവിലോപം കാട്ടിയ ജോയിൻറ് രജിസ്ട്രാർ
പി. രാഘവനെതിരെ ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമന വിലക്കേർപ്പെടുത്തിയിരുന്ന സൈക്കോളജി വിഭാഗത്തിലെ അദ്ധ്യാപകൻ ഡോ: ജോൺസനെ യുഡിഎഫ് സർക്കാരിൻറെ കാലത്ത് സർവീസിൽ നിന്നും പിരിച്ചു
വിട്ടിരുന്നുവെങ്കിലും അടുത്തകാലത്ത് തിരികെ സർവീസ് പ്രവേശിപ്പിക്കുകയും ഗവേഷണ ഗൈഡായി നിയമിക്കുകയും ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സൈക്കോളജി പഠന വിഭാഗത്തിൻറെ തലവനായിരുന്ന പ്രൊഫ: ഇമ്മാനുവൽ തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ ഗൈഡ്ഷിപ്പ് റദ്ദാക്കി.

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്ന് വകുപ്പ് മേധാവിയുടെ ശു പാർശയുടെയും ഒരു വിഭാഗം വിദ്യാർഥികളുടെ സമരത്തിന്റെയും വെളിച്ചത്തിൽ ജോൺസനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയും, വകുപ്പ് മേധാവി ക്യാമ്പസ്സിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

സർവീസിൽനിന്ന് വിരമിച്ച ഒരു അധ്യാപകനെ കാരണം ഒന്നും അറിയിക്കാതെ സർവകലാശാലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയ നടപടിയിൽ മനുഷ്യാവകാശ ധ്വംസനവും മൗലികാവകാശ ലംഘനവും അടങ്ങിയിട്ടുണ്ടെന്ന് വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിപിഎമ്മിലെ തന്നെ ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ പിന്തുണ പി.രാഘവനും സസ്‌പെൻഡ് ചെയ്യപ്പെട്ട ജോൺസനുമുള്ളത് കൊണ്ടാണ് വിവരാവകാശ രേഖകൾ കൈമാറാൻ സർവകലാശാല തയ്യാറാകാത്തതെന്ന് ആക്ഷേപമുണ്ട്.

അടുത്തയിട കാലിക്കറ്റ് സർവ്വകലാശാലയിൽ നടന്ന അധ്യാപക നിയമനങ്ങൾ സംബന്ധിച്ച വിവരാവകാശ രേഖകൾ നൽകുന്നില്ലെന്ന അപ്പീൽ പരാതിയിൽ മുഖ്യ വിവരാവകാശ കമ്മിഷണർ വിശ്വാസ് മേത്ത പരസ്യമായ നിസ്സംഗത പാലിക്കുമ്പോൾ, കമ്മിഷണർ
ഡോ:K.L.വിവേകാനന്ദന്റെ ഉത്തരവ് സ്വാഗതാർഹമാ ണെന്ന്
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *