മഴ ശക്തം, അടുത്ത 5ദിവസം വരെ ശക്തമായ മഴയുണ്ടാകും, വ്യാപക നാശം1 min read

4/7/23

തിരുവനന്തപുരം :സംസ്ഥാനത്ത് മഴ ശക്തമാകുന്നു.5ദിവസത്തേക്ക് അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന നിർദേശം.

ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളത്തും കാസര്‍കോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ആലപ്പുഴയില്‍ വീടുകളില്‍ വെള്ളം കയറി. പത്തനംതിട്ട കുരുമ്പൻ മൂഴിയില്‍ 250 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പമ്പാ നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട പെരുനാട് പഞ്ചായത്തിലെ അരയാഞ്ഞിലിമണ്‍ , മുക്കം കോസ് വേകള്‍ മുങ്ങി.

ശക്തമായ മഴ തുടരുന്ന എറണാകുളത്ത് ഖനന പ്രവര്‍ത്തികള്‍ക്ക് വിലക്കുണ്ട്. എറണാകുളത്ത് മഴ കനത്തതോടെ ക്വാറി അടക്കമുള്ള ഖനന പ്രവൃത്തികള്‍ നിരോധിച്ചു. ജില്ലയില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ മഴ തുടരുകയാണ്. തൃശ്ശൂരില്‍ മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പെരിങ്ങാവില്‍ കൂറ്റൻ മാവ് റോഡിലേക്ക് കടപുഴകി വീണു. പെരിങ്ങാവില്‍ നിന്ന് ഷൊര്‍ണൂര്‍ റോഡിലേക്ക് കടക്കുന്ന പാതയില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ കൂടിയാണ് സംഭവമുണ്ടായത്, വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

വിയൂര്‍ കെഎസ്‌ഇബി അധികൃതരുടെയും വാര്‍ഡ് കൗണ്‍സിലറുടെയും നേതൃത്വത്തില്‍ മരം മുറിച്ചു നീക്കുകയാണ്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും വീഴ്ചയുടെ ആഘാതത്തില്‍ തകര്‍ന്നു വീണിട്ടുണ്ട്

തിരുവനന്തപുരം മുതലപൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ രാവിലെ 6 മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പെട്ടാണ് വള്ളം മറിഞ്ഞത്.കടലിലേക്ക് ഒഴുകി പോയ വള്ളം തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ജൂലൈ 4 & 5 തീയതികളില്‍ ചിലയിടങ്ങളില്‍ അതിതീവ്ര മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറൻ ഭാഗം നിലവില്‍ അതിന്റെ സാധാരണ സ്ഥാനത്തും മണ്‍സൂണ്‍ പാത്തിയുടെ കിഴക്കൻ ഭാഗം അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറിയുമാണ് സ്ഥിതി ചെയ്യുന്നത്. തെക്കൻ മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു. തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.

ഇടുക്കി ജില്ല കണ്‍ട്രോള്‍ റൂമുകള്‍

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഫോണ്‍ നമ്പരുകൾ : 9383463036, 04862 233111, 04862 233130
ടോള്‍ ഫ്രീ നമ്പർ : 1077
താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഫോണ്‍ നമ്പറുകൾ :
ഇടുക്കി 04862 235361
തൊടുപുഴ 04862 222503
ഉടുമ്പഞ്ചോല 04868 232050
പീരുമേട് 04869 232077
ദേവികുളം 04865 264231.

 

Leave a Reply

Your email address will not be published. Required fields are marked *