കേരളീയം ഉണർന്നു.. ഇനി 7നാൾ അനന്തപുരിക്ക് ഉത്സവം, എല്ലാവർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി1 min read

തിരുവനന്തപുരം :പ്രൗഡ ഗംഭീര സദസിനെ സാക്ഷിയാക്കി കേരളീയം 23ന് തിരി തെളിഞ്ഞു. മലയാളത്തിന്റെ നടനവിസ്മയമായ മോഹൻലാൽ, താരരാജാവ് മമ്മൂട്ടി, സകല കലാ വല്ലഭൻ കമലഹാസൻ തുടങ്ങിയ വൻ താരനിര അണിനിരന്നു.മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിച്ചു.

കേരളീയം പരിപാടി ഇനി എല്ലാവര്‍ഷവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരളീയത്തെ ലോക ബ്രാൻഡ് ആക്കുമെന്നും നമുക്കുമുന്നില്‍ വലിയ സാദ്ധ്യതകളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളീയം മഹോത്സവത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘കേരളത്തിന്റെ നേട്ടങ്ങള്‍ മുഴുവൻ അര്‍ഹിക്കുന്ന വിധത്തില്‍ ലോകം അറിഞ്ഞിട്ടില്ല. വിശ്വസംസ്കാരത്തിന്റെ മിനിയേച്ചര്‍ മാതൃക ഇവിടെയുണ്ടെന്ന് വിളിച്ചുപറയണം. ലോകത്ത് മറ്റാരുണ്ട് ഇങ്ങനെ? ആര്‍ക്കും പിന്നിലല്ല കേരളം. വിദ്വേഷങ്ങളില്ലാത്ത കേരള മാതൃക വംശീയ സംഘര്‍ഷങ്ങള്‍ തടയാനുള്ള ഒറ്റമൂലിയാണ്. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടി . ഇത്തരം ഉത്സവങ്ങളുടെ പേരില്‍ ചില നഗരങ്ങള്‍ ലോകത്ത് അറിയപ്പെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാം’- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യാതിഥികളും മുഖ്യമന്ത്രിയും ചേര്‍ന്ന് സെൻട്രല്‍ സ്റ്റേഡിയത്തില്‍ നിലവിളക്ക് തെളിയിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായിരുന്നു. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാല്‍, കമല്‍ഹാസൻ, ശോഭന തുടങ്ങിയവര്‍ പങ്കെടുത്തു.

മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം യു.എ.ഇ അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, ദക്ഷിണ കൊറിയ അംബാസഡര്‍ ചാങ് ജെ. ബോക്, ക്യൂബൻ എംബസി മലേന റോജാസ്‌ മെദീന നോര്‍വേ അംബാസഡര്‍ മെയ് എലൻ സ്റ്റെനര്‍ എന്നിവരും വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യവിദഗ്‌ദ്ധൻ ഡോ. എം.വി. പിള്ള എന്നിവര്‍ പങ്കെടുത്തു.

കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള 42 വേദികളിലാണ് കേരളീയം നടക്കുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയ്യാറാക്കുന്നതിനുള്ള 25 സെമിനാറുകള്‍ അഞ്ച് വേദികളിലായി നടക്കും. കാര്‍ഷിക വ്യാവസായിക രംഗങ്ങളിലെ പുരോഗതിയും ഭാവി ലക്ഷ്യങ്ങളും സെമിനാറില്‍ ചര്‍ച്ചയാകും. ഇരുനൂറിലധികം ദേശീയ, അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും.

എല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. 30 വേദികളിലായി 300 ലധികം കലാപരിപാടികള്‍ നടക്കും. 4,100 കലാകാരന്മാര്‍ പങ്കെടുക്കും. എക്‌സിബിഷൻ, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍, ഫ്ളവര്‍ഷോ തുടങ്ങിയ പരിപാടികള്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കും. എട്ട് വേദികളിലായുള്ള ട്രേഡ് ഫെയറുകളില്‍ 425 സംരംഭകര്‍ പങ്കെടുക്കും. മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി കേരളത്തിന്റെ തനത് രുചികളുള്‍പ്പെടുത്തി ഫുഡ് ഫെസ്റ്റിവലും നടക്കും. വൈദ്യുത ദീപാലങ്കാരം, ചലച്ചിത്ര മേള, ബി 2 ബി മീറ്റ് എന്നിവയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *