3/10/22
കണ്ണൂർ :പ്രിയ നേതാവിന് കണ്ണീരോടെ വിട ചൊല്ലി കേരളം.അനുസ്മരണ വേദിയിൽ വിങ്ങി പൊട്ടിയ മുഖ്യമന്ത്രി വലിയ നഷ്ടമെന്ന് വിലപിച്ചു. പ്രസംഗം പാതിയിൽ നിർത്തി കസേരയിൽ ഇരുന്ന മുഖ്യമന്ത്രി പിണറായി -കോടിയേരി കൂട്ടുകെട്ടിന്റെ ആഴം ബോധ്യപ്പെടുത്തി. മൃതദേഹം വഹിച്ചവരിൽ മുന്നിൽ നിന്നത് പിണറായി ഉത്തമ സുഹൃത്തിന്റെ വേർപാടിൽ വെന്തുരുകി.
ജനലക്ഷങ്ങളുടെ ആദരം ഏറ്റുവാങ്ങിയ വിലാപയാത്രക്കു ശേഷമായിരുന്നു സംസ്‌കാരം. ദിഗന്തം ഭേദിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയരുന്നതിനിടയിലാണ് കോടിയേരിയുടെ മൃതദേഹം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയത്. ലാല്‍സലാം, ലാല്‍സലാം, ലാല്‍സലാം സഖാവേ.. ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ..കാലം സാക്ഷി ചരിത്രം സാക്ഷി, രണഭൂമിയിലെ രക്തം സാക്ഷി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയരുന്ന മുഷ്ടികള്‍ക്കൊത്ത് വായുവില്‍ പടര്‍ന്നു.
‘ഒരു വിപ്ലവകാരി മരണപ്പെടുന്നതോടു കൂടി അയാള്‍ മറക്കപ്പെടുന്നില്ല, കൂടുതല്‍ ഊര്‍ജമായി നമുക്കു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുകയാണ് ചെയ്യുന്നത്’ – ഘനഗാംഭീര്യമുള്ള ശബ്ദത്തിലുള്ള കോടിയേരിയുടെ വാക്കുകള്‍ പയ്യാമ്ബലത്തെ മാത്രമല്ല, കേരളത്തിലെ ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഓര്‍മയില്‍ ജ്വലിച്ചുകൊണ്ടിരുന്നു. കോടിയേരിയുടെ മൃതദേഹം അഗ്നിയിൽ ലയിച്ചപ്പോൾ കുടുംബാംഗങ്ങളുടെയും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മാത്രമല്ല, കരുത്തനായ നേതാവിനോടുള്ള ആദരവും സ്‌നേഹവായ്പുമായി എത്തിയവരുടെയെല്ലാം കണ്ണുകള്‍ ഈറനണിഞ്ഞു. പലരും കണ്ണുകള്‍ തുടക്കുന്നത് കാണാമായിരുന്നു. പ്രിയ നേതാവിന്റെ വിയോഗത്തിന്റെ വേദനയും സങ്കടവും താങ്ങാവുന്നതിലധികമാണെന്ന് അവരുടെയെല്ലാം ശരീരഭാഷ തെളിയിച്ചു. സഖാവിനോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ഭാഗമായി ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നുയരുന്ന വൈകാരികതയായിരുന്നു അത്.
കോടിയേരി ജനകോടികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആരായിരുന്നു എന്നത് വ്യക്തമാക്കുന്നതായിരുന്നു പൊതു ദര്‍ശനത്തിലും വിലാപയാത്രയിലും സംസ്‌കാര ചടങ്ങിലുമെല്ലാം കണ്ട ദൃശ്യങ്ങള്‍.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പോലീസ് സേന മൂന്ന് ആചാരവെടികള്‍ മുഴക്കിയ ശേഷമാണ് മൃതദേഹം ചിതയിലേക്കെടുത്തത്. സാഗരത്തെയും ജനസാഗരത്തെയും സാക്ഷിയാക്കി മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേര്‍ന്ന് ചിതക്ക് തീകൊളുത്തി. ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യനിദ്ര ഒരുക്കിയത്.
സംസ്‌കാരത്തിനു ശേഷം നടന്ന അനുശോചന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു.
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ പങ്കെടുത്തു. ആയിരങ്ങളാണ് സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചത്. വന്‍ ജനാവലിയാണ് അന്ത്യാഞ്ജലിയുമായി വിലാപയാത്രയില്‍ സംബന്ധിച്ചത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ നേതാക്കൻ മാരുടെ യാത്രമൊഴി ഒട്ടനവധി കണ്ട കേരളത്തിന് കോടിയേരിയുടെ വിലാപയാത്ര പുതിയ അനുഭവമായി. ഉറ്റ തോഴനെ നഷ്ടപെട്ട ദുഃഖം പിണറായിയുടെ നോക്കിലും, വാക്കിലും പ്രകടമായി. കോടിയേരി എന്ന നാമം ഒഴിച്ചിട്ട വിടവ്.. അത് പാർട്ടിയിലും പിണറായിയുടെ മനസിലും നികത്താനാവാത്തതാണ്……..