27/5/23
മലപ്പുറം :തിരൂർ സിദ്ദിഖ് വധകേസിലെ പ്രതികളെ തിരൂരിൽ എത്തിച്ചു.പ്രതികളെ ഇന്ന് ചോദ്യം ചെയ്യും.
ചെന്നൈയില്‍ പിടിയിലായ ഹോട്ടല്‍ ജീവനക്കാരനായിരുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ഷിബിലി (22), സുഹൃത്ത് ഫര്‍ഹാന (19) എന്നിവരെ അര്‍ദ്ധരാത്രിയോടെയാണ്തിരൂര്‍ ഡിവൈ,എസ്.പി ഓഫീസില്‍ എത്തിച്ചത് . ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഇവരുടെ സുഹൃത്തായ വല്ലപ്പുഴ സ്വദേശി മുഹമ്മദ് ആഷിഖ് എന്ന ചിക്കുവിനെ (26) കഴിഞ്ഞ ദിവസം പാലക്കാട്ട് വച്ച് അറസ്റ്റ് ചെയ്തിരുന്നു.
സിദ്ദീഖും ഫര്‍ഹാനയും തമ്മില്‍ മാസങ്ങളായി പരിചയമുണ്ടെന്ന സൂചനകളുണ്ട്. ഇതിലുള്ള പക കാരണമാകാം ഷിബിലി കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇതിനായി ഷിബിലി ഫര്‍ഹാനയേയും ഉപയോഗിച്ചുവെന്നും പൊലീസിന് സംശയമുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധം ഷിബിലിക്ക് നേരത്തെ അറിയില്ലായിരുന്നു. ഫോണ്‍ സംഭാഷണത്തിനിടെ സിദ്ദീഖുമായുള്ള ബന്ധം ഫര്‍ഹാന അറിയാതെ പറഞ്ഞുപോയി. ഇതോടെ സിദ്ദീഖിനോട് ഷിബിലിക്ക് പക തോന്നിയത്. ഷിബിലിക്ക് ഹോട്ടലില്‍ ജോലി തരപ്പെടുത്തി കൊടുത്തതും ഫര്‍ഹാനയാണെന്ന് സൂചനയുണ്ട്. ഫര്‍ഹാനയെ ഉപയോഗിച്ച് ഹണിട്രാപ്പിന് ശ്രമിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഷിബിലിയും സുഹൃത്തുക്കളായ ഫര്‍ഹാന, ആഷിഖ് എന്നിവര്‍ ചേര്‍ന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊലപാതകം നടത്തിയത്. തുടര്‍ന്ന് മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി കൊക്കയില്‍ വലിച്ചെറിഞ്ഞു. അട്ടപ്പാടി ചുരത്തില്‍ ഒൻപതാം വളവിലെ കൊക്കയില്‍ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടായിരുന്നു.
സിദ്ദിഖിനെ ആസൂത്രിതമായി കോഴിക്കോട്ടെ ഹോട്ടല്‍ മുറിയിലെത്തിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം, സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയത് 18നാണ്. അന്ന് ഉച്ചയോടെയാണ് വീട്ടില്‍ നിന്ന് സിദ്ദിഖ് ഹോട്ടലില്‍ എത്തിയതെന്ന് അവിടത്തെ പാചകത്തൊഴിലാളിയായ യൂസഫ് പറയുന്നു പെരുമാറ്റദൂഷ്യം കാരണം 18ന് ഷിബിലിനെ സിദ്ദിഖ് പുറത്താക്കിയിരുന്നു. മുഴുവൻ ശമ്ബളവും നല്‍കിയിരുന്നതായും യൂസഫ് പറയുന്നു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തത്. അന്നുരാത്രിവരെ സിദ്ദിഖിന്റെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോള്‍ വടകരയിലാണെന്നാണ് പറഞ്ഞത്. രാത്രിയോടെ ഫോണ്‍ സ്വിച്ച് ഓഫായി. പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തതായി വിവരം ലഭിക്കുന്നത്.