അധ്യക്ഷന്റെ കസേരയിൽ സുധാകരന് വെല്ലുവിളികൾ ഏറെ1 min read

തിരുവനന്തപുരം :ആവേശം തീര്‍ത്ത് കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായെങ്കിലും മുന്നിലുളളത് കടുത്ത വെല്ലുവിളികളാണ്. സംഘടനയെ കെട്ടിപ്പടുക്കുന്നതിലപ്പുറം പിണങ്ങി നില്‍ക്കുന്ന നേതാക്കളെ ഒപ്പം നിര്‍ത്തലാണ് സുധാകരന്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. ഗ്രൂപ്പ് താത്പര്യങ്ങള്‍ മറികടന്ന് പുതിയ ദൈത്യം എത്രകണ്ട് കെ സുധാകരന് പൂര്‍ത്തീകരിക്കാനാകുമെന്നതാണ് കാലം കാത്തിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍, കെ വി തോമസ് തുടങ്ങി സമീപകാലത്ത് പലവിധ കാരണങ്ങളാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അസംതൃപ്തരായ നേതാക്കളുടെ നിര നീണ്ടതാണ്. തങ്ങളുടെ താത്പര്യങ്ങള്‍ അവഗണിച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ ഗ്രൂപ്പുകള്‍ക്കുളള നീരസം വേറെയും. തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍ നിരാശ പൂണ്ട അണികളുടെ നീണ്ട നിര മറുഭാഗത്തുണ്ട്. കല്ലും മുളളും നിറഞ്ഞ വഴികളാണ് കെ സുധാകരന് താണ്ടിക്കടക്കാനുളളത്.

പുനഃസംഘടനയാണ് ആദ്യ അജണ്ടയെന്ന് സുധാകരന്‍ വ്യക്തമാക്കുന്നുണ്ട്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നും കാര്യപ്രാപ്തിക്ക് മുന്‍ഗണന നല്‍കുമെന്നും സുധാകരന്‍ പറയുമ്പോള്‍ ഗ്രൂപ്പുകളുടെ ഭാഗമായി അവസരം ലഭിച്ചവരെ ഒഴിവാക്കുമെന്ന് തന്നെയാണ് ചുരുക്കം. ഇക്കാര്യത്തിലും സുധാകരന് ഗ്രൂപ്പ് നേതാക്കളെ വിശ്വാസത്തിലെടുക്കേണ്ടി വരും.

ഇപ്പോള്‍ തന്നെ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ എത്രകണ്ട് സഹകരിക്കുമെന്നതും പരിഷ്‌കാര നടപടികള്‍ കൂടുതല്‍ പോരിന് വഴിതുറക്കുമോയെന്നതും കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. ഗ്രൂപ്പുകള്‍ക്കതീതമായി ഹൈക്കമാന്‍ഡ് അവരോധിച്ച വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും പാതിവഴിയിലുപേക്ഷിക്കേണ്ടി വന്ന ദൗത്യം കെ സുധാകരനെന്ന തന്റേടിയായ നേതാവ് എത്രത്തോളം പൂര്‍ത്തീകരിക്കുമെന്നത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഭാവി സമവാക്യങ്ങളുടെ കൂടി ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *