22/7/22
തിരുവനന്തപുരം : കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിലെ കാഷ് കൗണ്ടറുകളിൽ 500 രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ പണമായി സ്വീകരിക്കേണ്ടതില്ലെന്ന് വൈദ്യുതി ബോർഡ് നിർദേശം.
ജീവനക്കാരെ വെട്ടിക്കുറക്കുന്നതിന്റെയും ബോർഡിന്റെ ഡിജിറ്റലൈസേഷൻ നടപടികളുടെയും ഭാഗമായാണ് ഈ നീക്കം. ഡിജിറ്റൽ/ഇ-പേമെന്റ് പ്ലാറ്റ്ഫോമുകളിലൂടെ മാത്രമേ പണമിടപാടുകൾ സ്വീകരിക്കൂ എന്ന് ഉപഭോക്താക്കളെ അറിയിക്കാനും നിർദേശമുണ്ട്. പണമിടപാടിലെ ഡിജിറ്റലൈസേഷൻ 50 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നും അടിയന്തരമായി പൂർത്തിയാക്കണമെന്നും ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശത്തിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി പുതുക്കിയ ഉത്തരവിറക്കിയത്.
2021ൽ ആയിരം രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി അടക്കാൻ ഉത്തരവിറക്കിയിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ നടപ്പായിരുന്നില്ല.