കെഎസ്‌ഇബി ഉപഭോക്താവിനു നഷ്‌ടപരിഹാരം നല്‍കാൻ വിധി1 min read

ചെറുതോണി: ഉപഭോക്താവിന്‍റെ അനുമതിയോ അപേക്ഷയോ  ഇല്ലാതെ വേണ്ടത്ര കാരണങ്ങളില്ലാതെ എട്ടു ദിവസം വൈദ്യുതി നിഷേധിച്ച കെഎസ്‌ഇബി, ഉപഭോക്താവിനു 10,000 രൂപ നഷ്‌ടപരിഹാരവും 5,000 രൂപ ചെലവും നല്‍കാൻ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചു.

 പൈനാവ്   കെഎസ്‌ഇബി  സെക്‌ഷന്‍ ഓഫീസിനു കീഴിലെ കണ്‍സ്യൂമര്‍ വാഴത്തോപ്പ് പൂന്തുരുത്തിയില്‍ ലൂസമ്മ തങ്കച്ചന്‍റെ പരാതിയിലാണ് ഫോറം വിധി പുറപ്പെടുവിച്ചിരിക്കുന്നത് .

പരാതിക്കാരിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ലൈനും പോസ്റ്റും മതിയായ കാരണമില്ലാതെ കെഎസ്‌ഇബി ജീവനക്കാര്‍ അഴിച്ചുമാറ്റുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തെന്നാണ് പരാതി. വൈദ്യുതി ബില്ലില്‍ യാതൊരു കുടിശികയുമില്ലാത്ത തന്‍റെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കെഎസ്‌ഇബി അസി. എൻജിനിയര്‍ക്ക് അന്നേദിവസം  തന്നെ  പരാതി നല്‍കിയിരുന്നു. എന്നാല്‍, കെഎസ്‌ഇബി നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു.തുടര്‍ന്ന് ഇവര്‍ കെഎസ്‌ഇബിയുടെ സെന്‍ട്രലൈസ്ഡ് കസ്റ്റമര്‍ കെയറിലും ഇടുക്കി പോലീസിലും പരാതി നല്‍കി. പരാതി പരിഹരിക്കണമെന്ന ഇടുക്കി പോലീസിന്‍റെ നിര്‍ദേശവും കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ അവഗണിച്ചു.

കെഎസ്‌ഇബിയുടെ സേവന വീഴ്ചക്കെതിരേ പരാതിക്കാരി ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിക്കുകയും  മൂന്നു ദിവസത്തിനുള്ളില്‍ പഴയ രീതിയില്‍ ലൈന്‍ വലിച്ച്‌ വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് ഇടക്കാല ഉത്തരവും നേടി. സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കെഎസ്‌ഇബിയുടെ ഗുരുതര വീഴ്ചകള്‍ക്കും പരാതിക്കാരിക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കും തുടര്‍ച്ചായി എട്ടു ദിവസം വൈദ്യുതി ഇല്ലാത്തതു മൂലമുണ്ടായ നഷ്‌ടങ്ങള്‍ക്കും കെഎസ്‌ഇബിയില്‍നിന്നു നഷ്‌ടപരിഹാരമാവശ്യപ്പെട്ട് പതാരിക്കാരി നല്‍കിയ ഹര്‍ജിയിലാണ് ഫോറം വിധിയുണ്ടായിട്ടുള്ളത്.

നഷ്‌ടപരിഹാരവും കോടതി ചെലവും 45 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും അല്ലാത്തപക്ഷം 12 ശതമാനം പലിശ നല്‍കണമെന്നുമാണ് വിധി. പരാതിക്കാരിക്കുവേണ്ടി അഡ്വ. ബേബിച്ചന്‍ വി. ജോര്‍ജ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *