കേരളവര്‍മ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതിനെതുടർന്ന് കെ എസ് യൂ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു..
സംഘര്‍ഷത്തില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതായും ആക്ഷേപമുണ്ട്.
മന്ത്രിയുടെ വഴുതക്കാട്ടെ വസതിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച സംഘര്‍ഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയായിരുന്നു. കെഎസ്യുവിന്റെ ആറ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്. കെ എസ്‌യു നേതാവ് അഭിജിത്തിനെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചുവെന്നും അകാരണമായി കസ്റ്റഡിയില്‍ എടുത്തുവെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കേരള വര്‍മ്മ കോളേജിലെ കോളേജിലെ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെഎസ്‌യു ആവശ്യപ്പെടുന്നത്. മന്ത്രി ആര്‍ ബിന്ദു രാജി വയ്ക്കണമെന്നും സമരം ക്ളിഫ് ഹൗസിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. കേരളീയം ഫ്ളക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും പിപി ചിത്തരഞ്ജൻ എംഎല്‍എയുടെയും വാഹനം പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.