KTU വിസി ഗവർണറെ സന്ദർശിച്ചു1 min read

7/11/22
തിരുവനന്തപുരം :സാങ്കേതിക സർവകലാശാലയിൽ സുപ്രീംകോടതി വിധിയെ തുടർന്ന് പുറത്താക്കപ്പെട്ട ഡോക്ടർ എം.എസ്. രാജശ്രീക്ക് പകരം നിയമിതയായ സാങ്കേതികവിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ
ഡോ:സിസാ തോമസ് ഗവർണറെ സന്ദർശിച്ച് സർവ്വകലാശാലയിൽ ചുമതല ഏൽക്കാൻ എത്തിയപ്പോൾ നേരിട്ട പ്രതിബന്ധങ്ങൾ വിശദീകരിച്ചു.

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഉന്നത ഉദ്യോഗസ്ഥന്മാരുടെയും ബ്രാഞ്ച് ഉദ്യോഗസ്ഥന്മാരുടെയും വിശദീകരണം വാങ്ങി റിപ്പോർട്ട് ചെയ്യണമെന്ന് ഗവർണർ നിർദ്ദേശം നൽകി. സർവകലാശാല ഭരണസമിതി ഉൾപ്പെടെ നിസ്സഹരിക്കുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശം നൽകിയിരിക്കുകയാണ്.

ഡിഗ്രി സർട്ടിഫിക്കറ്റുകൾ അടിയന്തരമായി വിദ്യാർത്ഥികൾക്ക് ലഭ്യമാകാൻ ഉടൻ നടപടി കൈക്കൊള്ളാൻ ഗവർണർ നിർദ്ദേശിച്ചു.

ഇന്നും വിസി സർവ്വകലാശാലയിൽ ഹാജരായില്ല. പകരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലിരുന്ന് സർവകലാശാല ഫയലുകൾ പരിശോധിച്ചു. ഏതാനും വിദ്യാർത്ഥികൾ ഗേറ്റിനു പുറത്തും സർവ്വകലാശാലയിലെ ഒരു വിഭാഗം ജീവനക്കാർ വിസി യുടെ ഓഫീസിനു മുന്നിലും കൂടിനിന്ന് പ്രതിഷേധിച്ചു. എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പകരം മറ്റു കോളേജുകളുടെ വിദ്യാർഥികളാണ് ഗേറ്റിന് മുന്നിൽ പ്രതിരോധം തീർത്തതെന്ന് അറിയുന്നു.

10 വിസി മാർ മറുപടി നൽകി

ഗവർണർ നിശ്ചയിച്ചിരുന്നത നുസരിച്ച്
10 വീസിമാർ മെമ്മോയ്ക്ക് മറുപടി നൽകി. അഞ്ച് വീസി മാർ നേരിട്ട് ഹീയറിങ് ആവശ്യപ്പെട്ടു. ചിലർ അഭിഭാഷകനെകൂടി ഹാജരാകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ വി സി, തന്റെ കേസ് സുപ്രീം കോടതിയുടെ പരിഗണയിലാണെന്നും ഹിയറിങ്ങിന് തന്റെ അഭിഭാഷകനെ അയക്കാമെന്നും അറിയിച്ചു. ഗവർണർ ഹിയറിങ്നുള്ള തീയതി നിശ്ചയിക്കും.

കേരള സെനറ്റ് — ഹൈ കോടതിയിൽ ഹർജ്ജി

അതിനിടെ കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ചു ചേർത്ത് സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നിശ്ചയിക്കാൻ നിർദ്ദേശം നൽകുകയോ,അല്ലെങ്കിൽ ഗവർണർ രൂപീകരിച്ചിട്ടുള്ള രണ്ടംഗ കമ്മിറ്റിക്ക് തുടർ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കുകയോ ചെയ്യണമെന്നും വിസി നിയമനം വൈകിക്കാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് കേരള സെനറ്റ് അംഗം എസ്.ജയറാം ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

*ഗവർണറെ എതിർ കക്ഷിയാക്കി സർക്കാരിന്റെ ഹർജ്ജി*

ഗവർണർ നടത്തിയ KTU വിസി യുടെ നിയമനം സർവ്വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേരള സർക്കാർ ഗവർണറെ ചാൻസിലർ എന്ന നിലയിൽ എതിർ കക്ഷിയാക്കി ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഹർജ്ജി ഫയൽ ചെയ്യാൻ തയ്യാറാകാത്തതുകൊണ്ട്
ഉന്നതവിദ്യാഭ്യാസ വകുപ്പിലെ അഡിഷണൽ സെക്രട്ടറി സി. അജയനാണ് സർക്കാരിന് വേണ്ടി കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *