മന്ത്രി ബിന്ദുവിന്റെ നിർദ്ദേശം പരിഗണിക്കാതെ ഗവർണർ ; കേരള വിസി യുടെ താത്കാലിക ചുമതല കേരളയിലെ പ്രൊഫസ്സർക്ക് നൽകിയേക്കും1 min read

18/10/22

തിരുവനന്തപുരം :കേരള വിസി യുടെ താത്കാലിക ചുമതല കേരളയിലെ പ്രൊഫസ്സർക്ക് നൽകാൻ സാധ്യത.മന്ത്രി ബിന്ദുവിന്റെ നിർദ്ദേശം പരിഗണിക്കില്ല

ഈ മാസം 24 ന് കാലാവധി അവസാനിക്കുന്ന കേരള സർവ്വകലാശാല വി സിയുടെ ചുമതല എം.ജി. സർവകലാശാലയുടെയോ കാലടി സംസ്കൃത സർവകലാശാലയുടെയോ വൈസ് ചാൻസലർക്ക് കൈമാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു പ്രോചാൻസി ലർ എന്ന നിലയിൽ ഗവർണർക്ക് കത്തെഴുതി. കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി,കുസാറ്റ്, സർവകലാശാലകളിലെ 10 വർഷം പൂർത്തിയാക്കിയ പ്രൊഫസർമാരുടെ പട്ടിക രാജ്ഭവൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രി ബിന്ദു ഗവർണർക്ക് വിസി ചുമതല നൽകുന്നത് സംബന്ധിച്ച കത്ത് അയച്ചത്.

കാർഷിക സർവകലാശാല ഒഴികെ മറ്റെല്ലാ സർവകലാശാലകളിലും വിസി യുടെ താൽക്കാലികചുമതല നൽകുവാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്. കാർഷിക സർവകലാശാലയിൽ മാത്രമാണ് സർക്കാരിന്റ ശുപാർശ ഗവർണർ സ്വീകരിക്കേണ്ടത്.

എംജി സർവകലാശാലയിൽ വിദ്യാർത്ഥികൾ ഗവർണർക്കെതിരെ പോസ്റ്റർ പതിച്ചത് നിയന്ത്രിക്കാൻ വിസി ഡോ: സാബു തോമസ് ഒരു നടപടിയും കൈകൊള്ളാത്തത്തിൽ ഗവർണർക്ക് വിസി യോട് താല്പര്യകുറവുണ്ട്. മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ചട്ടവിരുദ്ധമായി സംസ്കൃത വൈസ് ചാൻസലർ നിയമനം താൻ അംഗീകരിച്ചതെന്ന വിലയിരുത്തലിലാണ് ഗവർണർ. അതുകൊണ്ട് മന്ത്രി ബിന്ദു നിർദ്ദേശിച്ച രണ്ടു പേരിൽ ആർക്കും ചുമതല നൽകാനുള്ള സാധ്യത ഇല്ല.

കേരള സർവകലാശാലയിലെ ഏതെങ്കിലും ഒരു
പ്രൊഫസ്സർക്ക് ആയിരിക്കും ചുമതല നൽകുക. എല്ലാ വിസി മാരും പ്രൊഫസർമാരുടെ പട്ടിക രാജ്ഭവനിൽ എത്തിച്ചു.’കേരള’യിൽ തന്നെ 10 വർഷം പൂർത്തിയാക്കിയ 10 പ്രൊഫസർമാർ ഉണ്ട്.

അതിനിടെ കേരള സെനറ്റ്–15 പേരുടെ അംഗത്വം പിൻവലിച്ച ഗവർണറുടെ ഉത്തരവ് വിസി നടപ്പാക്കുന്നില്ല. ഉത്തരവിൽ അവ്യക്തത ചൂണ്ടിക്കാട്ടി ഗവർണർക്ക് നൽകിയ വിസിയുടെ കത്ത്നിയമനടപടിക്ക് സഹായകമാകാനെന്നും ആക്ഷേപം

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന നാമനിർദേശം ചെയ്ത 15 അംഗങ്ങളെ ഗവർണർ പിൻവലിച്ചിട്ടും വിജ്ഞാപനം ഇറക്കാൻ കേരള വൈസ് ചാൻസലർ തയ്യാറായില്ല. ഉത്തരവിൽ അവ്യക്തതകളും നിയമതടസ്സവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിസി ഗവർണർക്ക് കത്ത് എഴുതിയത്.

എക്സ് ഒഫിഷ്യോ അംഗങ്ങളായ നാല് വകുപ്പു മേധാവികൾ ഔദ്യോഗിക തിരക്ക് മൂലമാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും, സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവിൽ ഗവർണർക്ക് പകരം ഗവർണറുടെ സെക്രട്ടറി ഒപ്പുവച്ചത് ചട്ട വിരുദ്ധമാണെന്നും കത്തിൽ വിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വൈസ് ചാൻസലർമാരുടെ നിയമന ഉത്തരവുകളിലും, വിവിധ നാമ നിർദ്ദേശങ്ങളിലും ഗവർണറുടെ ഉത്തരവിൻ പ്രകാരം സെക്രട്ടറിയാണ് ഒപ്പ് വയ്ക്കുന്നത്.

സെനറ്റ് നിന്നും പുറത്താക്കപ്പെട്ടവർക്ക് കോടതിയെ സമീപിച്ചു സ്റ്റേ ലഭിക്കാൻ സഹായകമാവുന്ന തിനാണ് ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ വിസി മടിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

2011 ൽ സർക്കാർ നാമ നിർദ്ദേശം ചെയ്ത ആറ് സെനറ്റ് അംഗങ്ങളെയും, 2012 ൽ ഗവർണർ നാമ നിർദ്ദേശം ചെയ്ത
മൂന്ന് സെനറ്റ് അംഗങ്ങളെയും പുറത്താക്കിയതിനെതിരെ കോടതിയെ സമീപിച്ചുവെങ്കിലും, പുറത്താക്കൽ നടപടി ഹൈക്കോടതി ശരി വയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *