കുടി1 min read

ആനയിറങ്കല്‍- ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഏലക്കൃഷി നടത്തിയതാണ് ഒഴിപ്പിക്കുന്നത്.

ചിന്നക്കനാലില്‍ അഞ്ച് ഏക്കര്‍ കയ്യേറ്റ ഭൂമി ഒഴിപ്പിച്ചു. തഹസില്‍ദാറുടെ നേതൃത്വത്തിലെത്തിയ സംഘം അതിരാവിലെയാണ് ഒഴിപ്പിക്കല്‍ നടപടിയാരംഭിച്ചത്.

ജില്ലാ കളക്‌ടര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട സ്ഥലത്തെ ഏലത്തോട്ടമാണ് ഒഴിപ്പിച്ചത്. പ്രദേശത്തെ കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും ഒഴിപ്പിച്ച സ്ഥലത്ത് സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ, കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചെറുകിട കുടിയേറ്റക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

അതേസമയം, റവന്യൂ വകുപ്പിന്റെ കുടിയേറ്റം ഒഴിപ്പിക്കല്‍ നടപടിയെ എം എം മണി എംഎല്‍എ വിമര്‍ശിച്ചു. ‘മൂന്നാറിലേയ്ക്ക് കുടിയേറിയവരെ കയ്യേറ്റക്കാരെന്ന് വിളിക്കരുത്. മൂന്നാറില്‍ ന്യായമായ ഭൂമി കൈവശംവച്ച്‌ കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുത്. കയ്യേറ്റം ഒഴിയാൻ നോട്ടീസ് കിട്ടിയവര്‍ അവരുടെ ഭൂമി നിയമപരമാണെങ്കില്‍ കോടതിയില്‍ പോകണമായിരുന്നു. ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുൻപ് റദ്ദാക്കിയ പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതെയുള്ള നടപടികള്‍ ശുദ്ധ അസംബന്ധമാണ്’- മണി പറഞ്ഞു.

വൻകിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണും. അഞ്ച് സെന്റില്‍ കുറവ് ഭൂമിയുള്ളവരെ ഒഴിപ്പിക്കുന്നതല്ല സര്‍ക്കാരിന്റെ ലക്ഷ്യം. മൂന്നാര്‍ ദൗത്യത്തില്‍ സംസ്ഥാനത്തിന് മുന്നില്‍ മുൻ മാതൃകകള്‍ ഇല്ല. ജെ സി ബികളും കരിമ്ബൂച്ചകളുമാണ് ദൗത്യത്തിന്റെ മുഖമുദ്ര എന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ദൗത്യം എന്നത് സിനിമാറ്റിക് ആക്ഷനായി കാണേണ്ടതില്ല. ഹൈക്കോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉണ്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *