കുന്നത്തുകാലിൽ അത്യാധുനിക വാതക ശ്മശാനം ‘സ്നേഹതീരം’തുറന്നു1 min read

 

തിരുവനന്തപുരം :പാറശാല മണ്ഡലത്തിലെ കുന്നത്തുകാലിൽ അത്യാധുനിക വാതക ശ്മശാനം പ്രവർത്തനം തുടങ്ങി. ‘സ്നേഹഹതീരം’ എന്ന പേരിലുള്ള ശ്മശാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മരിച്ചു കഴിഞ്ഞാലും മനുഷ്യന് വിലകൽപ്പിക്കുന്ന പുരോഗമന സമൂഹമാണ് കേരളത്തിലേതെന്നു മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് പൊതു ശ്മശാനത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു. ഗ്രാമീണ മേഖലയിലും ഇത്തരം ശ്മശാനങ്ങൾ ഒരുക്കുന്നത് കേരളത്തിൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.കെ ഹരീന്ദ്രൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

തിരുവനന്തപുരം ജില്ലാപഞ്ചായത്തും കുന്നത്തുകാൽ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് വാതക ശ്മശാനം നിർമിച്ചത്. കാരക്കോണത്ത് സി. എസ്. ഐ ചർച്ചിന് സമീപമാണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. ശ്മശാനത്തിന് ആവശ്യമായ കെട്ടിടം, യന്ത്രസാമഗ്രികൾ, കവാടം എന്നിവ നിർമിക്കുന്നതിന് ജില്ലാപഞ്ചായത്ത് 1.35 കോടി രൂപയും അനുബന്ധപ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് 56 ലക്ഷം രൂപയും സി. കെ ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും ചെലവഴിച്ചു.

ശ്മശാന അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി ,കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നവനീത്, ജില്ലാ പഞ്ചായത്തിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *