20/5/23
തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സമര കടൽ തീർത്ത് പ്രതിപക്ഷം. സമര പരമ്പരകളുമായി യുഡിഫ്, ബിജെപിയും രംഗത്ത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് വളയുമ്പോൾ രാപ്പകല്‍ സമരവുമായിട്ടാണ് ബിജെപി എത്തുന്നത്. പുത്തരിക്കണ്ടം മൈതാനത്താണ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം നടത്തുന്നത്.
പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കും. ഇതിനിടയിലാണ് പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും എത്തുന്നത്. പ്രതിഷേധസമരത്തിന്റെ ഭാഗമായി പത്തുമണിയോടെയാണ് യുഡിഎഫ് സമരം തുടങ്ങുക. രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ എത്തുമെന്നിരിക്കെ കന്റോണ്‍മെന്റ് ഹൗസിലും മറ്റും വലിയ പോലീസ് സംരക്ഷണമാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കും. പിണറായി സര്‍ക്കാര്‍ ധൂര്‍ത്തുകൊണ്ട് കേരളത്തെ തകര്‍ത്തെന്നും അഴിമതിയുടെ കൂടുതല്‍ കഥകള്‍ ഉടന്‍ പുറത്തുവരുമെന്നും സര്‍ക്കാരിന് പാസ്മാര്‍ക്ക് പോലുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന് പിന്നാലെ പ്രതിഷേധവുമായി ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. പിണറായി സര്‍ക്കാരിനെതിരേ പാളയത്ത് ബിജെപി രാപ്പകല്‍ സമരം നടത്തും. യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. അഴിയതിയും ഭരണത്തകര്‍ച്ചയും ആരോപിച്ചാണ് ബിജെപിയുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമരം ആരംഭിച്ചിട്ടുണ്ട്. പത്തുമണിയോടെ ഇവിടേയ്ക്ക് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിച്ചേരും. സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കും വരെയാണ് ബിജെപിയുടെ രാപ്പകല്‍ സമരം.