‘എല്ലാപേർക്കും ഭൂമി’പദ്ധതിയുമായി LDF മുന്നോട്ട്,സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളമെന്ന് മുഖ്യമന്ത്രി1 min read

20/5/23

 

തിരുവനന്തപുരം ; എല്ലാവർക്കും ഭൂമി എന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്‌ റവന്യുവകുപ്പ്‌. രണ്ടു വർഷത്തിനുള്ളിൽ ഈ ലക്ഷ്യം സാധ്യമാക്കാനുള്ള പദ്ധതികളാണ്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നത്‌. അതിൽ ഏറ്റവും പ്രധാനമായ ഡിജിറ്റൽ സർവേ അതിവേഗം മുന്നേറുന്നു. അധിക ഭൂമിയും കൈയേറ്റങ്ങളും അടക്കം കണ്ടെത്തി എല്ലാ ഭൂരഹിതർക്കും ഭൂമി നൽകാനും ഇതുവഴി കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 200 വില്ലേജിൽ ഡിജിറ്റൽ റീസർവേ പുരോഗമിക്കുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യവർഷം 27,000 പട്ടയം വിതരണം ചെയ്യാൻ ലക്ഷ്യമിട്ടിടത്ത്‌ 54,535 എണ്ണം നൽകി. രണ്ടാം വർഷം അര ലക്ഷം ലക്ഷ്യമിട്ടിടത്ത്‌ 67,069ഉം. അർഹരായ എല്ലാവർക്കും പട്ടയം നൽകുക ലക്ഷ്യമിട്ട്‌ പട്ടയം മിഷനും തുടക്കമിട്ടു. പട്ടയവിതരണത്തിന് തടസ്സമായിനിൽക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും ഭൂരഹിതരുടെ എണ്ണം, ഭൂമിയുടെ ലഭ്യത, പട്ടയവിതരണത്തിനുള്ള തടസ്സം എന്നിവ കണ്ടെത്തി രേഖപ്പെടുത്താൻ ഡാഷ്ബോർഡും സജ്ജമാക്കി.

വില്ലേജ് ഓഫീസുകളെ ജനാധിപത്യവൽക്കരിക്കുന്നതിനായി വില്ലേജ് ജനകീയ സമിതികൾ പ്രവർത്തനം ആരംഭിച്ചു. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ജനകീയ സമിതികൾ യോഗം ചേരുന്നു. നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർടികളുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സമിതി

സംസ്ഥാനത്ത്‌ ലാന്റ് ട്രിബ്യൂണലുകൾവഴി കുടിയാന്മാർക്ക് ഭൂമിയുടെ അവകാശം നൽകിവരുന്നുണ്ടെങ്കിലും അരനൂറ്റാണ്ട് പിന്നിട്ടിട്ടും കുടിയായ്മ കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സർക്കാർ വരുമ്പോൾ രണ്ടു ലക്ഷത്തിലധികം കേസാണ് കെട്ടിക്കിടന്നത്. കൃത്യതയോടെയുള്ള ഇടപെടലുകളിലൂടെ ഒന്നര ലക്ഷത്തോളം തീർപ്പാക്കി. 70,303 കേസ്‌ മാത്രമാണ് അവശേഷിക്കുന്നത്.

ഭൂമിയുടെ തരംമാറ്റലുമായി ബന്ധപ്പെട്ട്‌ കെട്ടിക്കിടന്ന 2,12,169 അപേക്ഷയിൽ 2,06,162 എണ്ണം തീർപ്പാക്കി. പുതുതായി വന്ന അപേക്ഷകൾകൂടി തീർപ്പാക്കാൻ യജ്ഞം ആറു മാസത്തേക്കുകൂടി നീട്ടി. ഫീസിനത്തിൽ വലിയ തുക ഇതുവഴി ഖജനാവിലേക്ക് എത്തിക്കാനുമായി.

സംസ്ഥാനത്ത് ഇനി വിതരണം ചെയ്യുക ഇ–- പട്ടയങ്ങൾ. നിലവിൽ പേപ്പറിൽ അച്ചടിച്ച പട്ടയങ്ങളാണ് നൽകുന്നത്. ഇത്തരത്തിലെ പട്ടയം നഷ്ടപ്പെട്ടാൽ പകർപ്പെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതിനു പരിഹാരമാണ് ഇ–- -പട്ടയം. സോഫ്‌റ്റ്‌വെയർ അധിഷ്ഠിതമായി ഡിജിറ്റലായി നൽകുന്നതാണ് ഇ–- -പട്ടയം. സംസ്ഥാനത്തെ 100 വില്ലേജ്‌ ഓഫീസ്‌ ഇതിനകം സ്‌മാർട്ടാക്കി. 74 ഇടത്ത്‌ നിർമാണം പുരോഗമിക്കുന്നു. വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതോടൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ വേഗവഴിയിലൂടെ റവന്യു സേവനങ്ങളും ഓൺലൈനാക്കി. ഭൂനികുതിമുതൽ വിവിധങ്ങളായ ഫീസുകൾ ഓൺലൈനായി ഒടുക്കാനാകും. ലൊക്കേഷൻ സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ഭൂമി തരംമാറ്റാനുള്ള അപേക്ഷ എന്നിവ ഓൺലൈൻവഴി സമർപ്പിക്കാം. എംഎൻ ലക്ഷം വീട് പദ്ധതിയിലെ ഇരട്ടവീടുകൾ അസൗകര്യങ്ങളുടെ കൂടാരങ്ങളാണ്. ഈ ഇരട്ടവീടുകളെ ഒറ്റ വീടാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

• പരാതികളും ആവശ്യങ്ങളും ജില്ലാതലത്തിൽ വേഗത്തിൽ തീർപ്പാക്കാൻ ജില്ലാ റവന്യു അസംബ്ലി
• ജില്ലാ റവന്യൂ അസംബ്ലിയിൽ എംഎൽഎമാർ ഉന്നയിക്കുന്ന ആവശ്യങ്ങളും പരാതികളും രേഖപ്പെടുത്തി സമയബന്ധിതമായി പരിഹാരം കാണാൻ ഓരോ എംഎൽഎ-ക്കും ഡാഷ്ബോർഡ്
• അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 25,000 രൂപവരെ വില്ലേജ് ഓഫീസർമാർക്ക് ചെലവഴിക്കാം
• കെട്ടിടനിർമാണ മേഖലയിലുള്ള നൂതന സാങ്കേതിക വിദ്യകൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ തിരുവനന്തപുരത്ത് ഫിനിഷിങ്‌ സ്കൂൾ
• 10 ജില്ലയിലെ 16 നദിയിലെ മണൽ ഓഡിറ്റിങ്‌ പൂർത്തിയായി. പ്രളയജല നിരപ്പിന്റെ ശാസ്ത്രീയപഠനത്തിന് ഏഴു നദിയിൽ ഫ്ലഡ് ലെവൽ മാർക്കിങ്‌ പൂർത്തിയാക്കി
• വില്ലേജ് ഓഫീസുകൾക്ക്‌ വെബ് സൈറ്റ്
• ഐഎൽഡിഎം കേന്ദ്രീകരിച്ച് എംബിഎ കോഴ്സ്‌ ആരംഭിക്കാൻ നടപടി

 

മുഖ്യമന്ത്രിയുടെ FB പോസ്റ്റ്‌ 

“സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം. സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ്ങളുയർന്നു വന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്നേഹവുമുള്ളൊരു ജനതയെ വാർത്തെടുക്കാൻ ഈ ജനകീയപോരാട്ടങ്ങൾക്ക് സാധിച്ചു. ഭൂമിക്കായുള്ള സമരങ്ങൾക്കും തൊഴിലവകാശങ്ങൾക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകാൻ ശേഷിയുള്ള പുരോഗമന രാഷ്ട്രീയവും ഇവിടെ വളർന്നു വന്നു.

കേരള സമൂഹത്തിന് ദിശാബോധം നൽകാനും മുന്നോട്ടുനയിക്കാനും ശേഷിയുള്ള സർക്കാരുകളും ഇവിടെയുണ്ടായി. ആദ്യ ഇഎംഎസ് സർക്കാർ തുടക്കമിട്ട പല വിപ്ലവാത്മക പരിഷ്കാരങ്ങളും ആധുനിക കേരള സൃഷ്ടിയിൽ മുഖ്യപങ്ക് വഹിച്ചു. ആ ജനകീയ പാരമ്പര്യം കാത്തുസൂക്ഷിക്കാനും കേരളസമൂഹത്തെ ഒരു വിജ്ഞാനസമ്പദ് വ്യവസ്ഥയായി മാറ്റിത്തീർക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. മാനവികതയിലും സാമൂഹികനീതിയിലും സാങ്കേതിക നൈപുണ്യത്തിലുമൂന്നിയ ഒരു സമൂഹത്തെ വാർത്തെടുക്കണം. ഇതിനായി ജനകീയ വികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാർ ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുകയാണ്. ഈ സർക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹികപുരോഗതിയുമാണ് യഥാർത്ഥ കേരള സ്റ്റോറി. ഈ വാർഷികം കേരളത്തിന്റെ വികസന ഗാഥയുടെ ആഘോഷങ്ങൾക്കുള്ള വേളയാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *