ഇന്ന് കലാശക്കൊട്ട്… ദേശീയ നേതാക്കൾ കളം നിറക്കാൻ ഉച്ചക്ക് ശേഷം എത്തും, തികഞ്ഞ വിജയപ്രതീക്ഷയിൽ മുന്നണികൾ1 min read

തിരുവനന്തപുരം :’തീയിൽ കുരുത്തവർ വെയിലത്തു വാടില്ല ‘എന്നത് പോലെ കേരളം കൊടും ചൂട്  തെരഞ്ഞെടുപ്പ് ചൂടിനെ പിന്നിലാക്കുന്നു. ഇന്ന് കലാശക്കൊട്ട്… ശക്തി തെളിയിക്കാൻ ദേശീയ നേതാക്കളെ രംഗത്തിറക്കി മുന്നണികൾ.

പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും. വീറും വാശിയും കത്തിപ്പടരുന്ന കൊട്ടിക്കലാശം ഇന്നുവൈകിട്ട് ആറുമണിക്ക് കഴിയുന്നതോടെ, നിശബ്ദമായി അവസാന തന്ത്രങ്ങള്‍ പയറ്റുന്നതിലേക്ക് സ്ഥാനാർത്ഥികളും പാർട്ടികളും തിരിയും.

ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് മൂന്ന് മുന്നണികളും. വനിതകളുള്‍പ്പെടെ പരമാവധി പ്രവർത്തകരെ എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നു കൂട്ടരും.

ഉച്ചയോടെ നടക്കുന്ന സ്ഥാനാർത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകർഷണം. വാദ്യമേളങ്ങളും വെടിക്കെട്ടും സമാപന നിമിഷങ്ങള്‍ക്ക് ആവേശം കൂട്ടും. ആവേശം അതിരുകടക്കാതിരിക്കാൻ വൻതോതില്‍ പൊലീസിനെ വിന്യസിക്കും. ഇടതു സ്ഥാനാർത്ഥികളുടെ റോഡ് ഷോ മിക്ക ജില്ലകളിലും ഇന്നലെ പൂർത്തിയായിരുന്നു.

ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ എല്ലാ അസംബ്ളി മണ്ഡലങ്ങളിലൂടെയും ഉച്ചയ്ക്ക് മുമ്ബായി സ്ഥാനാർത്ഥികള്‍ ഓട്ടപ്രദക്ഷിണം പൂർത്തിയാക്കും. അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രമുഖ നേതാക്കളുടെയും ദേശീയ നേതാക്കളുടെയും സാന്നിദ്ധ്യം ഉണ്ടാവും.

പരമാവധി വോട്ടർമാരെ വീടുകളിലെത്തി കണ്ട് വോട്ടുറപ്പിക്കാനാവും ഇനിയുള്ള ശ്രമം. സ്ഥലത്തില്ലാത്തവരെ എത്തിക്കാനും വോട്ടിടാൻ പോകാൻ സഹായം വേണ്ടവർക്ക് അതെത്തിക്കാനും സംവിധാനമൊരുക്കും. പണമിറക്കിയുള്ള വോട്ടുപിടിത്തം തടയാൻ കൃത്യമായ നിരീക്ഷണമുണ്ടാവും.

മാർച്ച്‌ 16 നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതിനും മുമ്ബേ പ്രചാരണ ചൂടിലേക്ക് എടുത്തുചാടിയ മുന്നണികള്‍ എരിപൊരി കൊള്ളുന്ന പകല്‍ചൂടില്‍ കെണിയില്‍പ്പെട്ട മട്ടായി.

ഇക്കുറി ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് ഇടതുമുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് (എം) ആണ്. ഫെബ്രുവരി 12ന് തോമസ് ചാഴികാടന്റെ സ്ഥാനാർത്ഥിത്വം അവർ പ്രഖ്യാപിച്ചു. ഫെബ്രുവരി 26 ന് സി.പി.ഐയും 27 ന് സി.പിഎമ്മും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. മാർച്ച്‌ ഒന്നിന് ബി.ജെ.പിയും ആദ്യറൗണ്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആശയക്കുഴപ്പം കാരണം കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് വൈകിയത്. മാർച്ച്‌ എട്ടുവരെ കാത്തിരിക്കേണ്ടി വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 26നാണ് കേരളം വിധിയെഴുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *