ലോകായുക്ത കേസുകളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞതായി മുഖ്യമന്ത്രി;പിന്നിൽ നീതി ലഭിക്കില്ലെന്ന പൊതുജനത്തിന്റെ വിശ്വാസമാണെന്ന ആരോപണവുമായി ആർ. എസ്. ശശികുമാർ1 min read

 

തിരുവനന്തപുരം :ലോകായുക്തയിൽ ഫയൽ ചെയ്യുന്ന കേസുകളുടെ എണ്ണം അഞ്ച് വർഷം കൊണ്ട് അഞ്ചിലൊന്നായി ചുരുങ്ങിയതായി നിയമസഭാ രേഖകൾ.

2018 മുതൽ 2022 വരെ ഓരോ വർഷവും ലോകായുക്തയിൽ എത്ര കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ഇതിൽ എത്ര കേസുകളിൽ തീർപ്പ് കൽപ്പിച്ചിട്ടുണ്ടെന്നുമുള്ള ടി.സിദ്ദിഖ് എംഎൽഎ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.

2018ൽ 1578 കേസും, (1413), 2019 ൽ 1057 കേസും (959), 2020 ൽ 205 കേസും (134), 2021ൽ 227കേസും (137), 2022ൽ 305കേസും(156) ഫയൽ ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തീർപ്പ് കൽപ്പിച്ച കേസുകളുടെ എണ്ണമാ ണ് ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ളത്.

നിലവിലെ ലോകായുക്ത 2019 ഫെബ്രുവരിയിലാണ് നിയമിതനായത്. അഞ്ച് വർഷമാണ് നിയമനകാലാവധി.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫി ന്റെയും, ഉപലോകയുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫിന്റെയും ഔദ്യോഗിക കാലാവധി 2024 ഫെബ്രുവരിയിൽ അവസാനിക്കും.മറ്റൊരു ഉപലോകയുക്ത ജസ്റ്റിസ്‌ ഹരുൺ അൽ റഷീദിന് കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം ബാക്കിയുണ്ട്.

അഴിമതി നിർമ്മാർജ്ജനം ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട ലോകായുക്ത സംവിധാനത്തെ നയിക്കുന്നവരിൽ നിന്നും അർത്ഥവത്തായ നീതി ലഭിക്കില്ലെന്ന പൊതു ബോധവും, വിശ്വാസ്യത നഷ്ടപെട്ടതുമാണ് കേസുകളുടെ എണ്ണം കുത്തനെ കുറയാൻ കാരണമെന്ന് ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *