ചാവർകോട് കൊച്ചു ചെറുക്കൻ വൈദ്യർ…ചരിത്രം വിസ്മരിച്ച വൈദ്യ പ്രമുഖൻ,ഓർമകുറിപ്പുമായി ബിജുയുവശ്രീ1 min read

ചാവർകോട് കൊച്ചു ചെറുക്കൻ വൈദ്യർ (1844-1904)ആയുർവേദശാസ്ത്രത്തിൽ അത്യഗാധമായ അറിവും രോഗനിർണ്ണയത്തിൽ അന്യാദൃശ്യമായ സാമർത്ഥ്യവും ചികിത്സാരീതിയിൽ അത്യപൂർവ്വമായ നൈപുണ്യവും പുലർത്തിയിരുന്ന ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യനായിരുന്നുചാവർകോട്ടു കൊച്ചു ചെറുക്കൻ വൈദ്യർ. തലമുറകളായി വൈദ്യവൃത്തി കുലത്തൊഴിലായി സ്വീകരിച്ചുവന്ന ഒരു പ്രസിദ്ധ കുടുംബത്തിലാണ് കൊച്ചു ചെറുക്കൻ വൈദ്യരുടെ ജനനം. ചിറയിൻകീഴ് താലൂക്കിൽ പനയറ എന്നദേശത്ത് പ്രസിദ്ധനായ കൊച്ചു ശങ്കരൻ വൈദ്യരുടെ പുത്രനായി കൊല്ലവർഷം 1019 കുംഭം 5-ാം തീയതി ജനിച്ചു.വൈരവൻ എന്നാണ് അച്ഛൻനാമകരണം ചെയ്തതെങ്കിലും ഓമനപ്പേരായി എല്ലാവരും വിളിച്ചു വന്നത് കൊച്ചു ചെറുക്കൻ എന്നാണ്. അത് യഥാർത്ഥനാമധേയത്തെക്കാൾ പ്രചാരത്തിൽ വരികയും ചെയ്തു.അഞ്ചാമത്തെ വയസ്സിൽ തന്നെ ശങ്കരൻ വൈദ്യർ മകനെ എഴുത്തിനിരുത്തി. കൊച്ചു ചെറുക്കൻ്റെ ഒരുമാതുലനായിരുന്ന കൈതക്കോണത്തു കൊച്ചപ്പി വൈദ്യരായിരുന്നു ഗുരുനാഥൻ. ഈ കൊച്ചപ്പി വൈദ്യരാണ് ശിവഗിരിക്കുന്നിൻ്റെ മുകളിൽശ്രീ നാരായണ ഗുരുസ്വാമിക്ക് ആദ്യമായി ഒരു ആശ്രമ കുടീരം കെട്ടിച്ചു കൊടുത്തത്.ഏഴാമത്തെ വയസ്സിൽ കൊച്ചു ചെറുക്കൻ പരവൂർ – പൊഴിക്കര ഗോവിന്ദനാശാൻ്റെ ശിഷ്യത്വം സ്വീകരിച്ചു.അദ്ദേഹത്തിൽ നിന്നാണ് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചത്.കൊച്ചു ചെറുക്കൻ വൈദ്യർ ചികിത്സാ പദ്ധതിയിൽ പ്രായോഗിക പരിശീലനം നേടിയത് സ്വ പിതാവിൽ നിന്നാണ്. വളരെ ചെറുപ്പത്തിലേ രോഗ നിർണ്ണയത്തിൽ അസാധാരണമായ വാസനാവൈഭവമുള്ള ആളായിരുന്നു.കൊച്ചു ചെറുക്കൻ വൈദ്യർ .മൃഗയാവിനോദത്തിലും കുതിര സവാരിയിലും വൈദ്യർക്ക് വലിയ ഭ്രമമായിരുന്നു.കൊച്ചു ചെറുക്കൻ വൈദ്യരുടെ ചെറുപ്പകാലത്ത് ചാവർ കോട്ടു പ്രദേശത്തിൻ്റെ സിംഹഭാഗവും വനപ്രദേശമായിരുന്നു. വൈദ്യരുടെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു 1890-ൽ ശ്രീ നാരായണ ഗുരുസ്വാമിയും മായുണ്ടായ കൂടിക്കാഴ്ച ആ ഗുരുശിഷ്യബന്ധം നാൾക്കുനാൾ പുഷ്ടിപ്പെടുകൊണ്ടിരുന്നു. 1079 മകരം 30 കുംഭം 1 എന്നീ തീയതികളിൽ അരുവിപ്പുറത്തു വച്ചു നടന്ന എസ്.എൻ.ഡി.പി.യോഗത്തിൻ്റെ പ്രഥമ വാർഷിക യോഗത്തിൽ ഉപാദ്ധ്യക്ഷ സ്ഥാനം വഹിക്കാൻ ഭാഗ്യം സിദ്ധിച്ച സമുദായ നേതാവു കൂടിയായിരുന്നു വൈദ്യർ. തികച്ചും ധർമ്മ ചികിത്സാ തത്പരനായിരുന്ന കൊച്ചു ചെറുക്കൻ വൈദ്യർ. ചികിത്സാ വൈദഗ്ദ്ധ്യത്തിന് വൈദ്യർക്ക് പല പരിതോഷികങ്ങളും ലഭിച്ചിരുന്നു.1891-ൽ ആറ്റിങ്ങൽ മൂത്ത കോയിത്തമ്പുരാൻ തിരുമനസ്സിന് വലിയൊരു ആലസ്യം ഉണ്ടായി അത് ചികിത്സിച്ചു ഭേദപ്പെടുത്തിയത് വൈദ്യരാണ്. അതിനു വൈദ്യർക്ക് ചില പാരിതോഷികങ്ങൾ ലഭിക്കുകയുണ്ടായി.1902-ൽ പ്രസിദ്ധനായ ചിത്രമെഴുത്തു കോയിത്തമ്പുരാൻ്റെ രോഗം ചികിത്സിച്ചു ഭേദപ്പെടുത്തിയതിന് അദ്ദേഹം വൈദ്യർക്ക് രത് നഖചിതമായ ഒരു മോതിരവും കസവു വേഷ്ടിയും മറ്റും സമ്മാനിക്കുകയുണ്ടായി. അക്കാലത്ത് ഹരിപ്പാട്ടു മൂത്ത കോയിത്തമ്പുരാൻ തിരുമനസിലെ സന്നിധിയിൽ പോയി അഷ്ടാംഗഹൃദയം അഭ്യസിക്കണം എന്നുള്ളതുപോലെ ചാവർ കോട്ടു പോയി ചികിത്സ പരിശീലിക്കണം എന്നുള്ളതും വൈദ്യ വിദ്യാർത്ഥികളുടെ ഇടയിൽ മിക്കവാറും ഒരു നിയമമായിരുന്നതിനാൽ വൈദ്യർക്ക് ജാതിമതഭേദമന്യേ അനവധി ശിഷ്യന്മാർ ഉണ്ടായിരുന്നു. 1079 കർക്കിടക്കം 28-ാം തീയതി അന്തരിച്ചു.കൊച്ചു ചെറുക്കൻ വൈദ്യരുടെ ദേഹവിയോഗത്തിൽ വിലപിച്ചു കൊണ്ട് മഹാകവി കെ.സി കേശവപിള്ള എഴുതിയ ചരമ ശ്ലോകം ഇവിടെ ഉദ്ധരിക്കുന്നു………… “കഷ്ടം! ‘കൊച്ചു ചെറുക്കനെ ‘ന്നു പുകൾകൊണ്ടീടും ഭിഷഗ്വരനെ – ന്നിഷ്ടൻ ഭൂമി തലം വെടിഞ്ഞ കഥ കേട്ടൊ ട്ടേറെഞ്ഞെട്ടുന്നു, ഞാൻ,
പുഷ്ട ശ്രീ യൊടു മേലുമിങ്ങു സുഖമായ് മേവിടുമിദ്ധന്യനാം ശിഷ്ടാത്മാ ചിരമെന്നു ലാലസമൂലോച് ഛിന്നമായ്ത്തീർന്നിതാ!….

Leave a Reply

Your email address will not be published. Required fields are marked *