ലോക്സഭ തെരഞ്ഞെടുപ്പ് ;തിരുവനന്തപുരം ജില്ലയിൽ 27,77,108 വോട്ടർമാർ, 2,730 പോളിങ് സ്‌റ്റേഷനുകൾ, ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ1 min read

 

തിരുവനന്തപുരം :ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്.

2024 പൊതുതിരഞ്ഞെടുപ്പിൽ ഭിന്നശേഷിവോട്ടർമാർക്കും 85 വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും ആവശ്യമെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്‌ക്വാഡുകൾ പ്രവർത്തനമാരംഭിച്ചതായും മാതൃകാ പെരുമാറ്റച്ചട്ടം ജൂൺ ആറ് വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 28ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ നാല് ആണ്. സൂക്ഷ്മ പരിശോധ ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ എട്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ കളക്ടറാണ്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി.പ്രേംജിയാണ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ വരണാധികാരി.

തിരുവനന്തപുരം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങളിലായി 2,730 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 1,500 വോട്ടർമാരാണ് ഒരു പോളിങ് സ്‌റ്റേഷനിൽ ഉൾപ്പെടുന്നത്. 1,500ൽ അധികം വോട്ടർമാർ വരുന്ന ബൂത്തുകളിൽ ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകൾ സജ്ജീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി-വിജിൽ ആപിലൂടെ അറിയിക്കാവുന്നതാണ്. നൂറ് മിനിറ്റിനുള്ളിൽ പരാതികൾക്ക് പരിഹാരമുണ്ടാകും. സി-വിജിൽ ആപ് മുഖേന ഏറ്റവും അധികം പരാതികൾ തീർപ്പാക്കിയ ജില്ല തിരുവനന്തപുരമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.

മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി 127 സ്‌ക്വാഡുകളാണ് ജില്ലയിൽ രൂപീകരിച്ചത്. 42 സ്റ്റാറ്റിക് സർവയലൻസ് ടീം, 42 ഫ്‌ളയിങ് സക്വാഡ്, 15 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ്, 14 വീഡിയോ സർവയലൻസ് ടീം ഉൾപ്പെടെ 113 സ്‌ക്വാഡുകൾ ഫീൽഡിൽ പ്രവർത്തിക്കും. ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി 14 വീഡിയോ വ്യൂവിങ് ടീമും പ്രവർത്തിക്കുന്നുണ്ട്.

ഓഫീസുകളിലും പരിസരപ്രദേശങ്ങളിലുമുള്ള സംഘടനകളുടെ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും നീക്കം ചെയ്യുന്നതിന് നിർദേശം നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു. ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിലും റസ്റ്റ് ഹൗസുകളിലും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിൽ 27,77,108 വോട്ടർമാരാണുള്ളത്. അതിൽ 14,59,339 സ്ത്രീ വോട്ടർമാരും 13,17,709 പുരുഷ വോട്ടർമാരും 60 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഭിന്നശേഷി വോട്ടർമാരുടെ എണ്ണത്തിൽ മൂന്ന് ഇരട്ടിയിലധികം വർധനയാണുള്ളത്. 25,363 ആണ് ഭിന്നശേഷി വോട്ടർമാരുടെ എണ്ണം. 85ന് മുകളിൽ പ്രായമായ 31,534 വോട്ടർമാരും 23,039 യുവ വോട്ടർമാരുമാണുള്ളത്. സർവീസ് വോട്ടർമാരുടെ എണ്ണം 8,422 ആണ്.

ജില്ലയിൽ 2,730 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര അസംബ്ലി നിയോജക മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്നത്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയോജക മണ്ഡലങ്ങൾ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 1,307 പോളിങ് സ്‌റ്റേഷനുകളും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 1,423 പോളിങ് സ്‌റ്റേഷനുകളുമുണ്ട്.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി.പ്രേംജി, സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുധീഷ് ആർ., തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുൻ വഹീദ്, ഫിനാൻസ് ഓഫീസർ ശ്രീലത. എൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *