ലോക്സഭ തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പിനായി തിരുവനന്തപുരം ജില്ല പൂര്‍ണസജ്ജമെന്ന് ജില്ലാ കളക്ടര്‍1 min read

 

തിരുവനന്തപുരം :ലോക്സഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ് അറിയിച്ചു. പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ ആകെ 2,730 ബൂത്തുകളാണ് ഉള്ളത്. അതില്‍ 1,307 ബൂത്തുകള്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും 1,423 ബൂത്തുകള്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലുമാണ്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ടറല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ 26 ഉം ആറ്റിങ്ങലില്‍ 15 ഉം മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും. പോളിംഗ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാന്‍ പന്തലുകള്‍ കെട്ടും.

ജില്ലയില്‍ 134 പ്രശ്‌ന ബാധിത ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 125 എണ്ണം തിരുവനന്തപുരം മണ്ഡലത്തിലും ഒന്‍പതെണ്ണം ആറ്റിങ്ങലിലുമാണ്. രണ്ടിടങ്ങളില്‍ വോട്ടുകള്‍ ഉള്ളവരുടെ (ആബ്‌സന്റി ഷിഷ്റ്റഡ് വോട്ടര്‍) കൃത്യമായ കണക്കെടുത്ത് വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *