ലോക്‌സഭാ തിരഞ്ഞെടുപ്പിന് സജ്ജമായി തിരുവനന്തപുരം ജില്ല,ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളുടെ സ്‌ട്രോങ് റൂമുകൾ ജില്ലാ കളക്ടർ സന്ദർശിച്ചു,കേന്ദ്രീകൃത സിസിടിവി കൺട്രോൾ റൂം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു1 min read

തിരുവനന്തപുരം :2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളുടെ സ്‌ട്രോങ് റൂമുകൾ നാലാഞ്ചിറയിലുള്ള മാർ ഇവാനിയോസ് വിദ്യാനഗർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ സജ്ജമായി. ആറ് സ്ഥാപനങ്ങളിലായാണ് രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുൾപ്പെടുന്ന, 14 നിയോജക മണ്ഡലങ്ങളിലേയും പോളിങ് മെഷീനുകൾ സൂക്ഷിക്കുന്നത്. സ്‌ട്രോങ് റൂമുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് സന്ദർശിച്ചു. സുരക്ഷ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തി. സ്‌ട്രോങ് റൂമുകൾ നിരീക്ഷിക്കുന്നതിനായി മാർ ഇവാനിയോസ് കോളേജിൽ സജ്ജമാക്കിയിരിക്കുന്ന കേന്ദ്രീകൃത സിസിടിവി കൺട്രോൾ റൂം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. സ്‌ട്രോങ് റൂമിന്റെയും കൗണ്ടിങ് ഹാളിന്റെയും ചുമതലയുള്ള നോഡൽ ഓഫീസർ മനോജ് ആർ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാനവാസ്, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അജയകുമാർ എന്നിവരും സന്നിഹിതരായിരുന്നു.

സർവോദയ സിബിഎസ്ഇ (തിരുവനന്തപുരം), മാർ ബസേലിയോസ് എഞ്ചിനീയറിങ് കോളേജ് (ആറ്റിങ്ങൽ, നെടുമങ്ങാട്), സർവോദയ ഐസിഎസ്ഇ -സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക്(വാമനപുരം), സർവോദയ ഐസിഎസ്ഇ (പാറശാല, കോവളം), സർവോദയ ഐസിഎസ്ഇ ലിറ്റിൽ ഫ്‌ളവർ ബ്ലോക്ക് (കാട്ടാക്കട), മാർ തെയോഫിലസ് ട്രെയിനിങ് കോളേജ് (വർക്കല, ചിറയിൻകീഴ്), മാർ ഇവാനിയോസ് കോളേജ് (വട്ടിയൂർക്കാവ്, അരുവിക്കര), മാർ ഇവാനിയോസ് -കൊമേഴ്‌സ് വിഭാഗം (കഴക്കൂട്ടം), സെന്റ് ജോൺസ് എച്ച്എസ്എസ് (നേമം, നെയ്യാറ്റിൻകര) എന്നിവിടങ്ങളിലാണ് സ്‌ട്രോങ് റൂമുകൾ പ്രവർത്തിക്കുന്നത്.

വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് വൈകിട്ട് പോളിങ് കഴിയുന്ന മുറയ്ക്ക് അതത് മണ്ഡലങ്ങളുടെ ഇവിഎം മെഷീനുകൾ സ്‌ട്രോങ് റൂമുകളിലെത്തിക്കും. തുടർന്ന് ബന്ധപ്പെട്ട വരണാധികാരികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും കേന്ദ്രസേനയുടെയും കേരള പോലീസിന്റെയും സാന്നിധ്യത്തിൽ സീൽ ചെയ്ത് വോട്ടെണ്ണൽ ദിനമായ ജൂൺ നാല് വരെ ശക്തമായ സുരക്ഷയിൽ സ്‌ട്രോങ് റൂമുകളിൽ സൂക്ഷിക്കും. വോട്ടെണ്ണൽ അതത് സ്‌ട്രോങ് റൂമുകൾക്ക് സമീപം സജ്ജീകരിച്ചിട്ടുള്ള ഹാളുകളിലാണ് നടക്കുന്നത്.

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ഏപ്രിൽ 26 മുതൽ ജൂൺ നാല് വരെ, കേന്ദ്രസേനയുടെയും കേരള പോലീസിന്റെയും നേതൃത്വത്തിൽ ത്രീ ടയർ സുരക്ഷാ സംവിധാനമാണ് സ്‌ട്രോങ് റൂമുകൾക്ക് ഒരുക്കുന്നത്. സ്‌ട്രോങ് റൂമുകൾ 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലായിരിക്കും. ഇതിനായി മാർ ഇവാനിയോസ് കോളേജിൽ കേന്ദ്രീകൃത സിസിടിവി കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിനായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ മാർ ഇവാനിയോസ് കോളേജിലെ സിസിടിവി കൺട്രോൾ റൂമിന് സമീപം സ്‌ട്രോങ് റൂമുകൾ നിരീക്ഷിക്കുന്നതിനായി സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടി ചീഫ് ഏജന്റുമാർക്കും പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *