6/9/22
തിരുവനന്തപുരം :എം. ബി. രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.ഇതിനുള്ള ഒരുക്കങ്ങള്‍ രാജ്ഭവനില്‍ പൂര്‍ത്തിയായി. രാവിലെ 11 മണിയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. പത്രങ്ങളുടെയും ചാനലുകളുടെയും ക്യാമറകള്‍ക്ക് വിലക്കുണ്ട്. ചിത്രങ്ങളും ദൃശ്യങ്ങളും പി.ആര്‍.ഡി നല്‍കുമത്രെ. ഒരു സ്ഥാപനത്തില്‍ നിന്ന് ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ മാത്രമാണ് പ്രവേശനാനുമതി. അതീവ സുരക്ഷാ പ്രാധാന്യമുള്ള ചടങ്ങൊന്നുമല്ലെന്നിരിക്കെയാണ് മാധ്യമങ്ങള്‍ക്കുള്ള ഈ വിലക്ക്.
എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ വകുപ്പുകള്‍ തന്നെയാണ് രാജേഷിനും നല്‍കുക. സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലെ അഞ്ചാം നിലയിലെ ഓഫീസാണിത്. ഓഫീസ് അനുവദിച്ച് പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗവും വകുപ്പ് അനുവദിച്ച് പൊതുഭരണവകുപ്പ് പൊളിറ്റിക്കല്‍ വിഭാഗവും ഉത്തരവിറക്കും.ഗോവിന്ദന്‍ മാസ്റ്റര്‍ക്കൊപ്പമുണ്ടായിരുന്ന സ്റ്റാഫുകളെല്ലാം രാജേഷിനൊപ്പം തുടരുമെന്നാണ് വിവരം. പേഴ്സണല്‍ സ്റ്റാഫില്‍ രണ്ടര വര്‍ഷം തുടര്‍ന്നാല്‍ മാത്രമേ പെന്‍ഷന് അര്‍ഹതയുണ്ടാകൂ അതിനാല്‍ നിലവിലുള്ള ആരെയും പറഞ്ഞയക്കില്ല.രാജേഷിന് ആവശ്യമെങ്കില്‍ ഒന്നോ രണ്ടോ പേരെ മാത്രമേ പുതുതായി തന്റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനാകൂ. തദ്ദേശസ്വയംഭരണം എക്‌സൈസ് വകുപ്പുകളല്ല രാജേഷിന് നല്‍കേണ്ടതെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍തന്നെയുണ്ടെങ്കിലും ഉടനടി മന്ത്രിസഭയില്‍ വകുപ്പ് പുനഃസംഘടനയുണ്ടാകുമെന്നും അതിന്റെ ഭാഗമായി രാജേഷിന്റെ വകുപ്പുകളിലും മാറ്റംവരുത്തുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.തദ്ദേശസ്വയംഭരണ വകുപ്പ് കെ.രാധാകൃഷ്ണനും എക്‌സൈസ് വകുപ്പ് വാസവനും നല്‍കാനാണ് സാധ്യത. എക്‌സൈസ് വകുപ്പിന് വേണ്ടി വാസവന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
നിയമസഭാ കൈയ്യാങ്കളി കേസ് വിചാരണ തുടങ്ങുന്നതിന് മുൻപ്വി .ശിവന്‍കുട്ടി മന്ത്രിസ്ഥാനം ഒഴിയാനുള്ള സാധ്യതയുണ്ട്. മന്ത്രിയായിരിക്കുന്ന ആള്‍ വിചാരണ നേരിടുന്നത് രാഷ്ട്രീയ ധാര്‍മികതയല്ലെന്ന ആരോപണങ്ങള്‍ ഉയരാതിരിക്കാനാണിത്.അങ്ങനയെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് രാജേഷിന് നല്‍കും. കൂടാതെ വകുപ്പ് പുനസംഘടനയുടെ ഭാഗമായി മറ്റുമന്ത്രിമാരില്‍ നിന്നെടുക്കുന്ന ഏതെങ്കിലും വകുപ്പുകളും രാജേഷിന് നല്‍കും. വിദ്യാഭ്യാസ വകുപ്പ് മാത്രമായി രാജേഷിന് നല്‍കില്ല. സജി ചെറിയാന് മന്ത്രിസഭയിലേക്ക് മടങ്ങിവരാനുള്ള അവസരവും പിണറായി വിജയന്‍ നല്‍കും. കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂല പരാമര്‍ശമുണ്ടായാല്‍ സജി ചെറിയാന്‍ ഉടന്‍ തിരിച്ചെത്തും.സജി ചെറിയാന്റെ വരവും വി.ശിവന്‍കുട്ടിയുടെ രാജിയും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്. ശിവന്‍കുട്ടിക്ക് പകരം തലസ്ഥാനത്ത് നിന്ന് മറ്റൊരു മന്ത്രിയെയും കണ്ടെത്തണം. അതോടെ വീണ്ടും മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. അതിന് ശേഷം വകുപ്പുകളില്‍ മാറ്റംവരുത്തി കൂടുതല്‍ മികവോടെ മുന്നോട്ടുപോകാമെന്നാണ് പാര്‍ട്ടി കണക്കു കൂട്ടുന്നത്.
ചില മന്ത്രിമാരുടെ പ്രകടത്തില്‍ പാര്‍ട്ടിയും മറ്റു ചിലരുടെ പ്രകടനത്തില്‍ മുഖ്യമന്ത്രിയും അതൃപ്തിയിലാണ്. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാകും വകുപ്പു മാറ്റം. സിപിഐ ഒഴികെയുള്ള ഘടകക്ഷികളില്‍ ചിലരുടെ വകുപ്പുകളുടെ മാറ്റവും സി.പി.എമ്മിന്റെ ആലോചനയിലുണ്ട്.