കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിലും, ആധുനിക സാംസ്കാരിക ചരിത്രത്തിൽ വെളിച്ചം ചൊരിഞ്ഞ പ്രതിഭാശാലിയായിരുന്നു എം.രാമവർമ്മ തമ്പാൻ.വടക്കൻ പറവൂർ പല്ലം തുരത്തിൽ മരുതൂർ മനയ്ക്കൽ കോവിലകത്ത് അംബികത്തമ്പുരാട്ടിയുടെയും അങ്കമാലി നായത്തോട് ഉദയമംഗലത്തുമനയ്ക്കൽ സൂര്യൻ നമ്പൂതിരിയുടെ മകനായി 1868- ൽ ജനിച്ചു. പറവൂർ, തിരുവനന്തപുരം മഹാരാജാസ് കോളേജ്, മദ്രാസ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ചെയ്ത് ബി.എ, എൽ.റ്റി എന്നീ ബിരുദങ്ങൾ നേടിയ അദ്ദേഹം തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.1907 -ൽ പറവൂർ ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി .തുടർന്ന് ചെങ്ങന്നൂർ ഹൈസ്കൂളിലും ഹെഡ്മാസ്റ്ററായിരുന്നു. 1920-ൽ തിരുവനന്തപുരം ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളായി. ഇതിനിടയിൽ രണ്ടു വർഷം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ഇംഗ്ലീഷ് ലക്ചററായും കുറച്ചും കാലം സ്കൂളുകളുടെ റെയിഞ്ച് ഇൻസ്പെക്ടറായും ജോലി നോക്കി. ട്രെയിനിംഗ് കോളേജിൽ നിന്ന് 1922-ൽ വിരമിച്ച ശേഷം അദ്ദേഹം 1924 മുതൽ 1927 വരെ കോഴിക്കോട് സാമൂതിരി കോളേജ് പ്രിൻസിപ്പൽ പദം അലങ്കരിച്ചു. 26-ാം വയസ്സിൽ തമ്പാൻ വിവാഹിതനായി. ജഡ്ജി പറവൂർ നാരായണപിള്ളയുടെയും കാഞ്ഞിക്കൽ പുത്തൻവീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൾ മാധവിക്കുട്ടിയമ്മ ആയിരുന്നു വധു.ഇവരുടെ നാലു മക്കളിൽ രണ്ടാമത്തെ ആളായിരുന്നു വിശ്വ പൗരത്വത്തിലേക്കും ഉയർന്ന മുൻ കേന്ദ്ര മന്ത്രി ലക്ഷ്മി.എൻ.മേനോൻ (1899-1994) ഉദ്യോഗത്തിലിരിക്കുന്ന കാലത്തു തന്നെ ഗ്രന്ഥ നിർമ്മാണം നടത്തിയും പ്രബന്ധരചനകൾ വഴിയും മലയാള ഭാഷയെയും സാഹിത്യത്തെയും പുഷ്ടിപ്പെടുത്തുവാനും വിജ്ഞാന വീഥി വികസ്വരമാക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.പ്രഭാഷണങ്ങൾ, നാലു വീരപത്നിമാർ, ലോകോൽപ്പത്തി, അപരിഷ്ക്കാവശിഷ്ടങ്ങൾ, ഭൂഗോള ചരിത്രം തുടങ്ങിയ അനേകം കൃതികളുടെ കർത്താവാണ് രാമവർമ്മ തമ്പാൻ, സമുദായ പരിഷ്കരണമായിരുന്നു തമ്പാൻ്റെ ജീവിതക്രമങ്ങളിൽ മുഖ്യം. ക്ഷത്രിയ മഹാസഭയുടെ നേതാവെന്ന നിലയിൽ പല പരിഷ്കാരങ്ങളും അദ്ദേഹം നടപ്പാക്കി.1940 മേയ് 27-ാം തീയതി (1115 ഇടവം 13 ) അന്തരിച്ചു.
2024-05-28