7/6/23
കൊച്ചി :വ്യാജരേഖ ചമച്ച് ജോലി നേടിയ സംഭവത്തിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴി രേഖപെടുത്തി.
ഗസ്റ്റ് ലക്‌ചറര്‍ നിയമനത്തിനായി രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റാണ് കാസര്‍കോട് സ്വദേശിനി കെ വിദ്യ വ്യാജമായുണ്ടാക്കിയത്. കോളേജിന്റെ ഭാഗത്തുനിന്ന് വിദ്യയ്ക്ക് ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പല്‍ പറഞ്ഞു. കാസര്‍കോടും പാലക്കാടും വ്യാജരേഖ ഉപയോഗിച്ച് ഗസ്റ്റ് ലക്‌ചററായി നിയമനത്തിന് ശ്രമിച്ച ആരോപണത്തില്‍ പരാതി നല്‍കണോയെന്നതില്‍ കോളേജ് ഇന്ന് തീരുമാനമെടുക്കും.
അതേസമയം, കേസ് അഗളി പൊലീസിന് കൈമാറും. കേസിനാസ്‌പദമായ സംഭവം നടന്നത് അഗളിയിലായതിനാല്‍ രേഖ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാനാവുക അഗളി പൊലീസിനാണെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കി.
മഹാരാജാസ് കോളേജില്‍ 2018 മുതല്‍ 2021വരെ താത്‌കാലിക അദ്ധ്യാപികയായിരുന്നവെന്ന വ്യാജ രേഖയാണ് വിദ്യാ ചമച്ചത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുള്‍പ്പെടുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് പാലക്കാട് അട്ടപ്പാടി ഗവണ്‍മെന്റ് കോളേജിലെ താത്‌കാലിക നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു.
കാസര്‍കോട് കോളേജിലും വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ താത്‌കാലിക അദ്ധ്യാപികയായി ജോലി നേടിയത് മഹാരാജാസ് കോളേജില്‍ അദ്ധ്യാപികയായിരുന്നുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്.
അതേസമയം, സംഭവത്തില്‍ എസ് എഫ് ഐയ്ക്ക് പങ്കുണ്ടെന്ന് കെ എസ് യു ആരോപിക്കുന്നു, വിദ്യ മുൻ എസ് എഫ് ഐ നേതാവും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ സുഹൃത്തുമാണ്. ഇതാണ് ആരോപണങ്ങള്‍ക്ക് കാരണം.