28/6/22
മുംബൈ: മഹാരാഷ്ട്രയിൽ വിമതർക്ക് അനുകൂലമായി സുപ്രീംകോടതി വിധി. അയോഗ്യരാക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ട് ശിവസേന വിമത എം.എൽ.എമാർക്ക് ഡെപ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവാൾ അയച്ച നോട്ടീസിന് മറുപടി നൽകാൻ സമയം നീട്ടി നൽകി സുപ്രീംകോടതി. ജൂലൈ 12 ന് വൈകീട്ട് അഞ്ചു മണിവരെയാണ് സമയം അനുവദിച്ചത്.
അയോഗ്യരാക്കാതിരിക്കാൻ ഇന്നു വൈകുന്നേരത്തിനകം വിശദീകരണം നൽകണമെന്നായിരുന്നു ഡെപ്യൂട്ടീ സ്പീക്കർ ആവശ്യപ്പെട്ടത്. 16 വിമത എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ വിമതനേതാവ് ഏക്നാഥ് ഷിൻഡെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹരജിയിൽ മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർക്കും ശിവസേന കക്ഷി നേതാക്കൾക്കും സുപ്രീം കോടതിനോട്ടിസ് അയച്ചു. ഡപ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവാളിനും ശിവസേനാ നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരി, ചീഫ് വിപ് സുനിൽ പ്രഭു എന്നിവർക്കാണ് നോട്ടിസ് നൽകിയത്.