പാർട്ടി കൈവിട്ടു പോകാതിരിക്കാൻ പതിനെട്ടടവും പയറ്റി ഉദ്ധവ് താക്കറെ1 min read

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേനയെ തന്നെ പൂര്‍ണ്ണമായും വിമത പക്ഷം വിഴുങ്ങുമെന്ന ഭീതിയിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരും ബഹുഭൂരിപക്ഷം എംപിമാരും ഇതിനോടകം ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പം ചേര്‍ന്നു. ഗുവാഹട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള വിമത എംഎല്‍എമാരുടെ എണ്ണം ഇന്ന് ഉച്ചയോടെ 50 കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ രാത്രി രണ്ടുപേര്‍ വന്നതടക്കം നിലവില്‍ 47 എംഎല്‍എമാര്‍ ഹോട്ടലിലുണ്ട്. മൂന്ന് എംഎല്‍എമാര്‍ കൂടി സൂറത്തില്‍ നിന്ന് ഗുവാഹട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. ഹോട്ടലിലുള്ള 47 എംഎല്‍എമാരില്‍37പേർ ശിവസേന യുടെ എം എൽ എ മാരാണ്.

ശിവസേനയിലെ 40 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് ഏക്‌നാഥ് ഷിന്ദേ അവകാശപ്പെട്ടു. ആകെ 55 എംഎല്‍എമാരാണ് മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനക്കുള്ളത്. കൂടാതെ പാര്‍ട്ടിയുടെ ബഹുഭൂരിപക്ഷം എംപിമാരും താക്കറെ കുടുംബത്തെ ഉപേക്ഷിച്ചിട്ടുണ്ട്. 19 ലോക്‌സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരുമാണ് ശിവസേനക്കുള്ളത്. ഇവരില്‍ മിക്കവരും ഷിന്ദേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടി സാമാജികര്‍ ഒന്നടങ്കം കൈവിട്ടതിന് പിന്നാലെ ഉദ്ധവ് താക്കറെ ശിവസേനയുടെ ജില്ലാ മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ എത്രപേര്‍ പങ്കെടുക്കുമെന്നതും ഉദ്ധവിന് നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *