26/7/22
തിരുവനന്തപുരം :വാനര വസൂരിക്ക് ചികിത്സയിലായിരുന്നവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ഇവരുമായി സമ്പർക്കത്തിലുള്ളവരുടെ രക്ത സാമ്പിളുകള്‍ പലതവണ പരിശോധന നടത്തി. ഇതുവരെയുള്ള ഫലങ്ങളെല്ലാം നെഗറ്റിവ് ആണ്. കണ്ണൂരില്‍ റീജനല്‍ ലാബിന്റെ രണ്ടാം നില ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വാനര വസൂരി സംബന്ധിച്ച ജാഗ്രത നിര്‍ദേശം നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. കോവിഡ് കണക്കുകള്‍ കൃത്യമായിത്തന്നെ കേന്ദ്രത്തിന് നല്‍കുന്നുണ്ട്. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണ്. കോവിഡ് കാലമായതിനാല്‍ പലയിടങ്ങളിലും മരുന്നുപയോഗത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. ഇത് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു. സമിതി നിര്‍ദേശമനുസരിച്ച് മരുന്ന് വിതരണം ഏകോപിച്ചിട്ടുണ്ട്. 2030ഓടെ പേവിഷബാധ കൊണ്ടുള്ള മരണം ഉണ്ടാവരുതെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അതിനുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ മന്ത്രിതല ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേരളത്തില്‍ നിലവില്‍ ഒരുലക്ഷം വയല്‍ റാബിസ് വാക്സിന് വേണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. പുതിയ മെഡിക്കല്‍ കോളജുകളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നിരന്തര ഇടപെടല്‍ നടത്തുന്നുണ്ട്.
കാസര്‍കോട് മെഡിക്കല്‍ കോളജില്‍ രണ്ട് ന്യൂറോളജി ഡോക്ടര്‍ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി.
കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ നിര്‍മിച്ച കെട്ടിടം ആഗസ്റ്റോടെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.