തിരുവനന്തപുരം :കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ചയിലും ഉത്പ്പാദനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും മികച്ച വളര്‍ച്ച നേടാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 നെ അപേക്ഷിച്ച് എട്ടു ശതമാനം ആഭ്യന്തര വളര്‍ച്ചയും തനത് വരുമാനത്തില്‍ 41 ശതമാനം വര്‍ദ്ധനവും കൈവരിച്ചു. ആഭ്യന്തര ഉല്‍പ്പാദനം അഞ്ചു ലക്ഷം കോടിയില്‍ നിന്നും ഇപ്പോള്‍ 10 ലക്ഷം കോടിയില്‍പരമായി. പ്രതിശീര്‍ഷ വരുമാനം ഒരുലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപയില്‍ നിന്നും രണ്ട് ലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപയായി വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. മാമം മൈതാനത്ത് നടന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത്രയേറെ മുന്നേറ്റം കൈവരിച്ച സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ പാടില്ലാത്തതാണ്. എന്നാല്‍ കേന്ദ്രം അര്‍ഹമായ വിഹിതം നല്‍കാത്തതിനാല്‍ നിലവില്‍ കാലാനുസൃത വികസനം കൈവരിക്കാനാകുന്നില്ല. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറുകോടിയില്‍പരം രൂപയുടെ കേന്ദ്രവിഹിതത്തിന്റെ കുറവാണ് സംസ്ഥാനത്തുണ്ടായത്. കേരളത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറക്കുന്നു. നാടിന്റെ വികസനത്തിന് വായ്പ എടുക്കാനുളള ശ്രമങ്ങളിലും ഭരണഘടനാ വിരുദ്ധമായി കേന്ദ്രം ഇടപെടുകയാണ്. ഇതിനെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്തേണ്ട സമയമാണിത്.
സംസ്ഥാനത്തെ അറുപത്തിനാലു ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപ വീതം സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് കൃത്യമായി നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇത്രയധികം പേര്‍ക്ക് ഇത്രത്തോളം തുക നല്‍കണമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സമ്പന്നരെ അതിസമ്പന്നരാക്കുന്നതിനും ദരിദ്രരെ അതി ദരിദ്രരാക്കുന്നതിനുമുള്ള സമീപനം രാജ്യം പിന്‍തുടരുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ആരേയും ഒഴിവാക്കാനാകില്ല.
നവകേരള സദസ്സുകളില്‍ ഒഴുകിയെത്തുന്ന ജനങ്ങള്‍ സര്‍ക്കാരിന് കരുത്തുപകരുകയാണ്. നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പൊയ്‌ക്കൊള്ളൂ ഞങ്ങള്‍ കൂടെയുണ്ടെന്നുള്ള സന്ദേശമാണ് അവര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. അനു എസ് ലാല്‍ വരച്ച ഛായാചിത്രം മുഖ്യമന്ത്രിക്കു കൈമാറി. മറ്റു മന്ത്രിമാരും സന്നിഹിതരായിരുന്ന ചടങ്ങില്‍ ഒ.എസ്.അംബിക എംഎല്‍എ അദ്ധ്യക്ഷയായിരുന്നു. വി ജോയ് എംഎല്‍എ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരും പങ്കെടുത്തു.
*സംസ്ഥാനത്തെ വ്യവസായ ഹബ്ബാക്കുക ലക്ഷ്യം : മന്ത്രി ജെ ചിഞ്ചുറാണി*
സംസ്ഥാനത്തെ സംരംഭകര്‍ക്കു മാത്രമല്ല പുറത്തു നിന്നുള്ള സംരംഭകര്‍ക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കി വ്യവസായത്തിന് എല്ലാ സാധ്യതയും തുറന്നു നല്‍കി ഒരു വ്യവസായ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പുതിയ സംരംഭങ്ങളാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒന്‍പതു മാസത്തിനകം ഈ ലക്ഷ്യം കൈവരിക്കാനായി. പൂട്ടിക്കിടന്ന വ്യവസായങ്ങള്‍ക്ക് പുതുജീവനേകാനും സര്‍ക്കാരിന് കഴിഞ്ഞതായും മാമം മൈതാനത്ത് നടന്ന ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ നവകേരള സദസ്സില്‍ മന്ത്രി പറഞ്ഞു.
നവകേരള സദസ്സിലൂടെ വികസന നേട്ടങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തു. മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നാലു ലക്ഷത്തിലധികം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ കണ്ടെത്തി നിയമനം ഉറപ്പാക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പതിനായിരം പേര്‍ക്കാണ് പിഎസ് സി യിലൂടെ പുതുതായി നിയമനം നല്‍കിയത്. ഐ ടി മേഖലകളിലും ചെറുപ്പക്കാര്‍ക്ക് അനേകം തൊഴിലവസരങ്ങള്‍ ലഭ്യമാക്കി. കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ച് കര്‍ഷകരെ ഈ സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ത്തിയതായും മന്ത്രി പറഞ്ഞു.
*സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത വികസനത്തിന് : മന്ത്രി ആന്റണി രാജു*
ഐ ടി, പൊതുജനാരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, ലോകോത്തര വിദ്യാഭ്യാസ സൗകര്യങ്ങള്‍, മലയോര പാതകള്‍, കോവളം -ബേക്കല്‍ ജലപാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ തുടങ്ങിയവയിലൂടെ സമഗ്ര സുസ്ഥിര വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് നാടിന്റെ വികസനം സാധ്യമാക്കുന്നത്. സ്തംഭിച്ചു കിടന്ന വിവിധ പദ്ധതികള്‍ തുടരാനായി. കോവിഡ് രോഗികളെ അകറ്റിനിര്‍ത്തുന്ന സ്ഥലങ്ങളിലെ സമീപനമല്ല കേരളം സ്വീകരിച്ചത്. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച് സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളമാണ്. ആരും പട്ടിണികിടക്കാതിരിക്കാന്‍ സാമൂഹ്യ അടുക്കളകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഇത്തരം നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെയാണ് സര്‍ക്കാര്‍ ഇപ്പോഴും മുന്നോട്ടു പോകുന്നത്. ഇനിയും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
*ഗുണമേന്‍മയുള്ള ചികിത്സ ലഭ്യമാക്കാനായി : മന്ത്രി പി രാജീവ്*
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ വളര്‍ച്ചയിലൂടെ ഗുണമേന്‍മയുള്ള ചികിത്സ ലഭ്യമാക്കാനായതായി വ്യവസായ മന്ത്രി പി രാജീവ്. സര്‍ക്കാര്‍ തലത്തില്‍ ആദ്യമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയയും കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയും നടന്നതിലൂടെ ആരോഗ്യമേഖലയുടെ വളര്‍ച്ചയെയാണ് അടിവരയിടുന്നതെന്നും മന്ത്രി പറഞ്ഞു.
നവകേരള സദസ്സ് എല്ലാവരുടേതുമാണ്. മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്കെത്തുന്ന ഈ ദൗത്യം ചരിത്ര വിജയത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ കേരളം ലോകത്തിനുമുന്നില്‍ സവിശേഷമായ സംസ്ഥാനമായി മാറി. പരാതികള്‍ കണ്ടെത്തി പരിഹരിക്കുകയും പരിമിതികളെ അതിജീവിക്കുകയും നവകേരളം സാധ്യമാക്കുകയുമാണ് നവകേരള സദസ്സിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.
*തീരദേശ റോഡുകള്‍ നവീകരിക്കാൻ ഒരു കോടി 30 ലക്ഷത്തിന്റെ ഭരണാനുമതി; മന്ത്രി ആന്റണി രാജു*
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളായ വെട്ടുകാട്-ചെറുവെട്ടുകാട് ബീച്ച് റോഡ്, വെട്ടുകാട് ചർച്ച്-വെട്ടുകാട് റോഡ്, ആൾസെയിന്റ്സ് കോളേജ്-വെട്ടുകാട് ചർച്ച് റോഡ് എന്നിവ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിന് 1.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഹാർബർ എൻജിനീയറിങ് വിഭാഗമാണ് റോഡുകളുടെ നിർമ്മാണ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. നിരവധി വർഷങ്ങളായി സാധാരണ അറ്റകുറ്റപ്പണികള്‍ മാത്രം ചെയ്തിരുന്ന ഈ റോഡുകള്‍ പുതിയ സാങ്കേതികവിദ്യയില്‍ പുനരുദ്ധരിക്കും. റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുന്നതോടെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ശംഖുമുഖത്തേക്കും വേളിയിലേക്കും തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് പള്ളിയിലേക്കുമുള്ള യാത്ര സുഗമമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ടെൻഡർ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കുവാൻ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.