നേമം :അംഗന്‍വാടിയില്‍ നിന്ന് രണ്ടര വയസുകാരന് ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയ സംഭവത്തില്‍ കേസെടുത്ത് ചൈല്ഡ്ലൈന്.ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ചയായിരുന്നു നേമത്തെ അങ്കണവാടിയില്‍ നിന്ന് കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് വീട്ടിലെത്തിയത്. കുട്ടി ഇറങ്ങിപ്പോയത് അംഗന്‍വാടി ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
തിങ്കളാഴ്ച കുട്ടികളെ ആയയെ ഏല്‍പ്പിച്ച് അധ്യാപകര്‍ സമീപത്തെ കല്യാണ വീട്ടിലേക്ക് പോയ സമയത്താണ് സംഭവമുണ്ടായതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്കൂളില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്ക് വിജനമായ വഴിയിലൂടെയാണ് കുട്ടി നടന്ന് വീട്ടിലെത്തിയത്.
കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയെ കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് വീട്ടുകാര്‍ അംഗന്‍വാടിയിലേക്ക് വിളിച്ചതോടെയാണ് കുട്ടി അവിടെയില്ലെന്ന വിവരം സ്കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.