19/7/23
തിരുവനന്തപുരം :ജനങ്ങളുടെ നേതാവായ ഉമ്മൻചാണ്ടിക്ക് വിടചൊല്ലി തലസ്ഥാനം. ഇനി പുതുപ്പള്ളി യിലെ സ്വന്തം വസതിയിലേക്ക്… മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേയ്‌ക്ക് പുറപ്പെട്ടു
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുക. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് എത്തിക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം നാലിടത്താണ് പൊതുദര്‍ശനത്തിന് വച്ചത്. പുതുപ്പള്ളി ഹൗസിലും തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലും പിന്നീട് പാളയം സെന്റ് ജോര്‍ജ് കത്തീഡ്രലിലും എന്നതുപോലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങള്‍ അവസാനമായി കാണാൻ എത്തിയിരുന്നു. പലരും അദ്ദേഹത്തിന്റെ ഭൗതികശരീരം കണ്ട് വിങ്ങിപ്പൊട്ടി.കെപിസിസി ആസ്ഥാനത്ത് നിന്ന് രാത്രി പന്ത്രണ്ടരയോടെയാണ് മൃതദേഹം പുതുപ്പള്ളി വീട്ടില്‍ തിരികെയെത്തിച്ചത്.