മലപ്പുറം : പ്രതിശ്രുത വരന്റെ വീട്ടിൽക്കയറി മുൻ വനിതാ സുഹൃത്തിന്റെ നേതൃത്വത്തിൽ നടത്തിയ അക്രമമാണ് ഇപ്പോള്‍ ചങ്ങരംകുളത്തെ ചര്ച്ചാവിഷയമായുള്ളത്.
കല്യാണ വീട്ടില്‍ അടിപൊട്ടിയതോടെ നടക്കേണ്ടിയിരുന്ന കല്യാണത്തില്‍ നിന്നു വധുവിന്റെ കുടുംബം പിന്മാറി. ചങ്ങരംകുളം മേലേ മാന്തടത്താണ് സംഭവം നടന്നത്.
ആക്രമണത്തിൽ പരിക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉൾപ്പെടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അടി തങ്ങള്‍ക്കും കിട്ടിയെന്നാരോപിച്ച് വനിതാസുഹൃത്തും അവരുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നവരില്‍ ചിലരും ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്.
മേലേ മാന്തടം സ്വദേശിയായ യുവാവിന് എടപ്പാൾ തട്ടാൻപടി സ്വദേശിനിയായ യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നത്രേ. പഠനകാലത്തുള്ള സൗഹൃദം ഒരു വർഷം മുൻപ് കൂടുതല്‍ ദൃഢമാക്കുകയായിരുന്നു.
യുവതി അഞ്ചു വർഷം മുൻപ് വിവാഹമോചനം നേടിയതാണ്. വിവാഹവാഗ്ദാനം നൽകിയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി, സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേർക്കുമൊപ്പം എത്തി അക്രമം നടത്തിയത്.വരനെയടക്കം ആക്രമിച്ചതിനു പുറമേ കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകർത്തെന്ന് വരന്റെ വീട്ടുകാർ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരായ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരേ ചങ്ങരംകുളം പോലീസ് കേസ് എടുത്തിട്ടുണ്ട്.