27/5/23
ശ്രീ നാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യന്മാരിൽ പ്രമുഖനും പ്രശസ്തനുമായിരുന്നു പി.എം രാമൻ കടയ്ക്കാവൂരിലെ ഒരു ഇടത്തരം ഈഴവ കുടുംബത്തിൽ മാതേവൻ്റെയും അപ്പി പിള്ളയുടെയും മകനായി 1880 ആഗസ്റ്റ് 11നാണ് ജനിച്ചത്. ചിറയിൻ കീഴിലെ സർക്കാർ സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പി.എം രാമൻ അഞ്ചുതെങ്ങിനു സമീപം റവ.സാമുവൽമെറ്ററിൻ്റെ സ്കൂളിലാണ് പ്രാഥമിക പഠനവും ഇംഗ്ലീഷുപoനവും നടത്തിയത്.തുടർന്ന് ആറ്റിങ്ങൽ സർക്കാർ സ്കൂളിൽ ച്ചേർന്നു പഠിക്കാൻ അദ്ദേഹത്തിന് അവകാശം നിഷേധിച്ചു.അപേക്ഷ നിരസിച്ചു കൊണ്ട് സ്കൂൾഇൻസ്പെക്ടർ പി.രാമസ്വാമി അയ്യർ കൊടുത്ത ഇണ്ടാസിൽ (1895 ഏപ്രിൽ 8 ) ആറ്റങ്ങലിലുള്ള ജനങ്ങൾക്ക് നിങ്ങളുടെ ജാതിയിൽപ്പെട്ട ഒരാളിനെ സ്കൂളിൽ ചേർക്കുന്നതിനു വിരോധം ഉള്ളതിനാൽ ആറ്റിങ്ങളിൽ ഇംഗ്ലീഷ് സ്കൂളിൽ നിങ്ങളെ ചേർക്കാൻ നിവൃത്തിയില്ല. എന്ന മര്യാദകെട്ട മറുപടിയാണ് കിട്ടിയത്.ഇഗ്ലിഷുകാരനായ മിച്ചൽ സായിപ്പ് ആയിരുന്നു അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ അദ്ദേഹത്തിനു നിവേദനം സമർപ്പിച്ചപ്പോൾ തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ ചേർന്നു പഠിച്ചു കൊള്ളാനായിരുന്നു കല്പന. പ്രതിബന്ധങ്ങളോട് മല്ലിട്ടു കൊണ്ടു പഠിച്ച് അദ്ദേഹം മെട്രിക്കുലേഷൻ പാസ്സായി. ട്രാൻസ്ലേഷൻ, ഹാൻ്റ് റൈറ്റിംഗ് &ഡിക്റ്റേഷൻ ടെസറ്റ്, അക്കൗണ്ട് ടെസ്റ്റ് എന്നിങ്ങനെ യോഗ്യതകളെല്ലാം നേടിക്കൊണ്ട് സെക്രട്ടറിയേറ്റിൽ ഒരു ജോലിക്കായി അപേക്ഷിച്ചപ്പോൾ അതും നിർദയം നിരസിക്കപ്പെട്ടു. ഒടുവിൽ പി.എം രാമൻ ബ്രിട്ടീഷ് ഗവൺമെറ്റിനെ തന്നെ ആശ്രയിക്കേണ്ടി വന്നു. ബ്രിട്ടീഷ് സർവ്വിസിൽ ക്ലാർക്കായി നിയമനം ലഭിച്ചു. ചാവക്കാട്ടായിരുന്നു ആദ്യ നിയമനം കുറേക്കാലം അവിടെ രജിസ്ട്രാർ ആയും പകരം ജോലി നോക്കി.1908-ൽ തിരുവിതാംകൂറിൽ രജി സ്ട്രാർ ഉദ്യോഗത്തിനു ഒഴിവുവന്നപ്പോൾ പി.എം രാമനും അതിലേക്ക് ഒരു അപേക്ഷകനായി. അപ്പോഴും ജാതിക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ അവഗണിക്കാനായിരുന്നു സർക്കാരിൻ്റെ ശ്രമം. അതിനെതിരെ ഡോ. പല്പുവും കുമാരനാശാനും ആഞ്ഞടിച്ചു.1908 ഫെബ്രുവരി 22 ന് കടയ്ക്കാവൂർ പി.എം രാമന് ഈ ഉദ്യോഗം ലഭിക്കാനുള്ള യോഗ്യതകളും അവകാശവും തുറന്നു കാട്ടി മലയാള മനോരമ ശക്തിയുക്തമായ ഒരു മുഖപ്രസംഗം എഴുതി. സർക്കാർ മുട്ടുകുത്തി ഗത്യന്തരമില്ലാതെ പി.എം രാമനെ കൂത്താട്ടുകുളത്ത് രജിസ്ട്രാർ ആയി 1908 മാർച്ച് 10ന് നിയമിച്ചു.ഈഴവ സമുദായത്തിൽ നിന്ന് ആദ്യമായി ഗസ്റ്റഡ് ഉദ്യോഗo ലഭിച്ചത്.പി.എം രാമനാണ്. 1913-ൽ ആറ്റിങ്ങൽ ടൗൺ ഇംപ്രൂവ്മെൻ്റ് കമ്മിറ്റി ചെയർമാനായി നിയമക്കപ്പെട്ടു.രാമൻ്റെ പുതിയ ഉദ്യോഗ ലബ്ധിയിൽ അതീവസന്തുഷ്ടനായിത്തീർന്ന മഹാകവി കുമാരനാശാൻ Lord Mayor of Attingal എന്ന ബഹുമതി നല്കിക്കൊണ്ട് രാമനെഴുതിയ അനുമോദന ക്കത്ത് പ്രസിദ്ധമാണ്. രജിസ്ട്രേഷൻ വകുപ്പിലെ സ്റ്റാമ്പ് ആക്ടും അതിൻ്റെ വിശദീകരണവും എന്ന ഗ്രന്ഥം പി.എം രാമനും തമ്പാനൂർ നാരായണപിള്ളയും കൂടി എഴുതി പ്രസിദ്ധീകരിച്ചതാണ്.ഒരു എഴുത്തുകാരൻ എന്ന നിലയിലും പി.എം രാമൻ അറിയപ്പെട്ടിരുന്നു. അദ്ദേഹം ഭാഷാപോഷിണി, മിതവാദി, മലയാള മനോരമ തുടങ്ങിയ പ്രസിദ്ധികരണങ്ങളിൽ ലേഖനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. 1935-ൽ പെൻഷനായി തുടർന്ന് .1935 മുതൽ 1949 വരെ എസ്.എൻ.ഡി.പി യോഗം ഡയറക്ടറായും യോഗം ദേവസ്വം സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു.1950 മേയ് 27-ാം തീയതി അന്തരിച്ചു.എ. ഭാരതിയാണ് രാമൻ്റെ ഭാര്യ അവർ വക്കം സ്കൂളിൽ അദ്ധ്യാപികയായിരുന്നു. പ്രമുഖ സ്വാതന്ത്യ സമര സേനാനിയും തിരു-കൊച്ചി, കേരള നിയമസഭാംഗവുംമായ ആർ.പ്രകാശം Ex. MLA, മുൻ കേരള നിയമസഭാ സെക്രട്ടറി ഡോ.ആർ.പ്രസന്നൻ, മുൻ കൃഷി വകുപ്പ് ഡയറക്ടർ ആർ.ഹേലി എന്നിവർ ഉൾപ്പെടെ 10 മക്കൾ.