തിരുവനന്തപുരം :എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ആശയത്തിലൂന്നി തിരുവനന്തപുരം ജില്ലയിൽ 1,091 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി നടന്ന ജില്ലാതല പട്ടയ മേളയിലൂടെ മന്ത്രിമാരായ വി ശിവൻകുട്ടിയും ജി ആർ അനിലും ചേർന്നാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. സംസ്ഥാനത്ത് ഭൂമിയില്ലാതിരുന്ന ഒന്നര ലക്ഷം പേർ കഴിഞ്ഞ രണ്ടര വർഷം കൊണ്ട് ഭൂമിയുടെ അവകാശികളായത് ചരിത്ര നേട്ടമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാധാരണക്കാരൻ്റെയും പാവപ്പെട്ടവൻ്റെയും ഒപ്പമാണ് ഈ സർക്കരെന്നും മന്ത്രി പറഞ്ഞു. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരുകൾക്ക് കീഴിൽ കഴിഞ്ഞ 8 വർഷം കൊണ്ട് 3 ലക്ഷം കുടുംബങ്ങൾക്കാണ് സ്വന്തമായി ഭൂമി ലഭിച്ചതെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ജില്ലയിൽ മാത്രം 2886 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. 2025 നവംബറോടെ കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടയമേളയിൽ 132 കോളനികളിലുൾപ്പെട്ട 750 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. ഇതിന് പുറമേ 200 വനാവകാശ രേഖയും 22 സാമൂഹ്യ വനാവകാശ രേഖയും വിവിധ ഇനത്തിൽപ്പെട്ട 119 പട്ടയങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ആകെ 1,091 കുടുംബങ്ങൾക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുന്നത്.
ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് നെടുമങ്ങാട് താലൂക്കിലാണ്. 500 പട്ടയങ്ങളാണ് ഇവിടെ നൽകിയത്. കാട്ടാക്കട താലൂക്കിൽ 310, തിരുവനന്തപുരം താലൂക്കിൽ 69, നെയ്യാറ്റിൻകര താലൂക്കിൽ 156, ചിറയിൻകീഴ് താലൂക്കിൽ 26, വർക്കല താലൂക്കിൽ 30 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.
ആര്യനാട് വി.കെ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ വി. ജോയ്, സി കെ ഹരീന്ദ്രൻ, കെ ആൻസലൻ, ഡി കെ മുരളി, വി. കെ പ്രശാന്ത്, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജു മോഹൻ, മറ്റു തദ്ദേശഭരണ പ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
*ജില്ലാ കളക്ടറെ ആദരിച്ചു*
സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ പട്ടയ വിതരണ ചടങ്ങിൽ ആദരിച്ചു. ആര്യനാട് പഞ്ചായത്തിൻ്റെ ആദരം പൊന്നാടയണിയിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് വിജു മോഹനും അരുവിക്കര മണ്ഡലത്തിൻ്റെ ആദരം ജി. സ്റ്റീഫൻ എംഎൽഎ യും നൽകി.