തിരുവനന്തപുരം :കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ വാർഡിൽ തീരദേശത്ത് താമസിക്കുന്ന വനിതകൾക്കായി കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ക്യാമ്പ് നാളെ അവസാനിക്കും. കെ. ആൻസലൻ എം.എൽ.എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിൻ്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന തീരദേശ സമൂഹത്തിന്റെയും മൽസ്യത്തൊഴിലാളികളുടെയും ഉന്നമനത്തിനായി കുളത്തൂർ ഗ്രാമ പഞ്ചായത്തുമായി ചേർന്നാണ് കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ക്യാമ്പുകൾ ഒരുക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള വീട്ടമ്മമാർ, ഹരിതകർമ്മ, കുടുംബശ്രീ, ആശാ പ്രവർത്തകർ, വിദ്യാർത്ഥിനികൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്ക് ചേർന്നു. കുളത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് പൊഴിയൂർ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിബിൻ ബേബി (കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി), ദീപ അനന്തപദ്മനാഭൻ (സുസ്തേര ഫൗണ്ടേഷൻ) എന്നിവർ സംസാരിച്ചു. തീരദേശ കമ്മ്യൂണിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. സ്ത്രീകൾ നേരിടുന്ന പ്രാദേശികവും പൊതുവായതുമായ പ്രശ്നങ്ങൾ മുതൽ കമ്മ്യൂണിറ്റിയുടെ വികസനത്തിന് വേണ്ട മാർഗ്ഗങ്ങൾ വരെ വിവിധ സെഷനുകളിലൂടെ ചർച്ചചെയ്യുന്നുണ്ട്. ക്യാമ്പിന്റെ ഭാഗമായി പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി വിശദമായ റോഡ് മാപ്പും തയ്യാറാക്കും.