പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് യൂ ജി സി ;സുപ്രീംക്കോടതിയിൽ ഹർജി നൽകി1 min read

11/7/23

ഡൽഹി :കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു ജി സി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ഹെെക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യു ജി സി ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അദ്ധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാൻ കഴിയില്ലെന്നും യു ജി സി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പ്രിയയുടെ നിയമനം ശരിവച്ച കേരള ഹെെക്കോടതി വിധിയാണ് യു ജി സി ചോദ്യം ചെയ്യുന്നത്.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നതിന് യു ജി സിയുടെ 2018ലെ റഗുലേഷൻ നിഷ്കര്‍ഷിക്കുന്ന അദ്ധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്ന് യു ജി സി നേരത്തെ കേരള ഹെെക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് ഹെെക്കോടതി നിയമനം ശരിവച്ചത്. ഇതോടെ 2018ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യു ജി സി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നാണ് യു ജി സിയുടെ നിലപാട്. പ്രിയ വര്‍ഗീസിന് അനുകൂലമായി കേരള ഹെെക്കോടതി പുറപ്പെടുവിച്ച വിധിയ്ക്ക് അഖിലേന്ത്യാ തലത്തില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും യു ജി സി വാദിക്കുന്നു.

അതേസമയം, യു ജി സി ഹര്‍ജി നല്‍കും മുൻപ് തന്നെ പ്രിയ വര്‍ഗീസ് സുപ്രീംകോടതില്‍ തടസ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹെെക്കോടതി വിധിക്കെതിരെ എതിര്‍ കക്ഷികള്‍ അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് പ്രിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *