8/9/23
കോട്ടയം :ഉമ്മൻചാണ്ടി യുടെ പിൻഗാമിയാരെന്ന് ഇന്നറിയാം. വാശിയേറിയ മത്സരത്തിനോടുവിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ. മൂന്നാം മത്സരത്തിൽ വിജയം നേടുമെന്ന് ജൈക്കും, ഉമ്മൻചാണ്ടിയുടെ ജന പിന്തുണ തുണക്കുമെന്ന് ചാണ്ടി ഉമ്മനും, വോട്ട് കൂട്ടാൻ സാധിക്കുമെന്ന പ്രതിക്ഷയിൽ ലിജിനും ജനവിധിക്കായി കാത്തിരിക്കുന്നു.
വോട്ടെണ്ണല്‍ എട്ടു മുതല്‍ കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തില്‍ നടക്കും.ഏഴരയോടെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ബസേലിയോസ് കോളേജിലെ സ്‌ട്രോംഗ് റൂം തുറക്കും. ആദ്യ ഫലസൂചന രാവിലെ 8.30ഓടെ അറിയാം. 20 മേശകളിലാണ് വോട്ടെണ്ണല്‍. 14 മേശകളില്‍ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ്(ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാല്‍ വോട്ടും സര്‍വീസ് വോട്ടുമാണ് ആദ്യം എണ്ണുക. ആകെ 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.
ജെയ്‌ക് സി തോമസ് (എല്‍ഡിഎഫ്), ചാണ്ടി ഉമ്മൻ (യുഡിഎഫ്), ലിജിൻ ലാല്‍ (എൻഡിഎ), ലൂക്ക് തോമസ് (ആം ആദ്‌മി പാര്‍ടി) എന്നിവരടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 1,76,412 വോട്ടര്‍മാരില്‍ തപാല്‍ വോട്ടുകളടക്കം 1,31,026 പേരാണ് വോട്ട് ചെയ്‌തത്. 74.27 ശതമാനമാണ് പോളിങ്.
അതേസമയം ഈ മാസം പതിനൊന്നിന് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്യുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
‘പതിനൊന്നാം തീയതിയാണ് ചാണ്ടി ഉമ്മൻ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. ചാണ്ടി ഉമ്മനെ എല്ലാവരും ചേര്‍ന്ന് നിയമസഭയ്ക്കകത്ത് കൊണ്ടുപോകും. വളരെ സന്തോഷത്തോടുകൂടി ആ സത്യപ്രതിജ്ഞ ഞങ്ങള്‍ കാണും. 53 കൊല്ലക്കാലം മുൻനിരയില്‍ നിന്ന് ഞങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ അനുസ്മരിച്ചുകൊണ്ട് ആ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നുള്ളതാണ് എന്റെ പ്രതീക്ഷ.’- തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വ്യക്തമാക്കി.